വിദേശ വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കുമെന്ന് സൗദി അറേബ്യ. കോവിഡിനെ തുടര്‍ന്ന് 17 മാസത്തിന് ശേഷമാണ് സൗദി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തിയ വിനോദസഞ്ചാരികള്‍ക്ക് മാത്രമാണ് പ്രവേശനം. ഓഗസ്റ്റ് 1 മുതല്‍ ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് പ്രവേശനം താല്‍ക്കാലികമായി അനുവദിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ടൂറിസം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് സൗദി അംഗീകരിച്ച വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരിക്കുക.
വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് രാജ്യത്തെ വിമാനത്താവളങ്ങളിലും കരാതിര്‍ത്തികളിലും വേണ്ട സജ്ജീകരണങ്ങള്‍ തയാറാക്കിയതായി ജനറല് അതോറിറ്റി ഓഫ് സിവില് ഏവിയേഷനും അറിയിച്ചു. സൗദിയിലേക്ക് യാത്രാനുമതിയുള്ള ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസയും പ്രവേശന അനുമതിയും നല്കുന്നത്. അതേസമയം ഇന്ത്യയുള്‍പ്പെടെയുള്ള റെഡ് ലിസ്റ്റ് കാറ്റഗറിയിലുള്ള രാജ്യങ്ങളില് നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയിട്ടില്ല.
ടൂറിസ്റ്റ് വിസ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘സ്പിരിറ്റ് ഓഫ് സൗദി’ എന്ന വെബ്‌സൈറ്റ്, visititsaudi.com വഴി അപേക്ഷിക്കാം. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധനാ ഫലമുള്‍പ്പെടെ വിനോദസഞ്ചാരികള്‍ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഫൈസര്‍, അസ്ട്രസെനെക്ക, മോഡേണ അല്ലെങ്കില്‍ ജോണ്‍സണ്‍ ആൻറ് ജോണ്‍സണ്‍ എന്നി വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാം.






