ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന പ്രചാരണം തെറ്റാണെന്ന് ഇന്ത്യൻ എംബസി: യാത്രക്കാര്‍ക്ക് ഇന്റര്‍ആക്ടീവ് ഗൈഡുമായി ജിസിഒ

ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന പ്രചാരണം തെറ്റാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. വിസിറ്റിങ്, ഓൺ അറൈവൽ യാത്രക്കാർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ വേണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ല. വാക്‌സിനേഷൻ പൂർത്തിയാക്കിയ സന്ദർശകവിസക്കാർക്കുള്ള ക്വാറന്റൈൻ ഇളവുകൾ തുടരുമെന്ന് ഖത്തർ ട്രാവൽ പ്രോട്ടോകോൾ വിഭാഗവും അറിയിച്ചു. ഇന്ത്യയിൽനിന്നെത്തുന്ന, കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഖത്തറിൽ ക്വാറന്റൈ നയങ്ങളിൽ വീണ്ടും മാറ്റംവരുത്തിയെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. ഇതേക്കുറിച്ചാണ് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. ഖത്തറിലെ പ്രവേശനനയങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്ന് എംബസി ട്വിറ്ററിൽ നിർദേശിച്ചിട്ടുണ്ട്. ഖത്തറിലേയ്ക്കുള്ള യാത്രയ്ക്ക് മുൻപ് വിമാനകമ്പനികളുമായും ഇക്കാര്യങ്ങളിൽ സ്ഥിരീകരണം ഉറപ്പാക്കണമെന്നും എംബസി നിർദേശിച്ചു.

അതെ സമയം ഖത്തറിലേയ്ക്ക് വരുന്ന യാത്രക്കാര്‍ക്ക് ഖത്തറിന്റെ പ്രവേശന, ക്വാറന്റീന്‍ വ്യവസ്ഥകള്‍ എളുപ്പം മനസ്സിലാക്കാനും കൃത്യമായി അറിയാനും സഹായകമാകുന്ന പുതിയ ഇന്റര്‍ആക്ടീവ് ഗൈഡ് ഖത്തര്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് (ജിസിഒ) പുറത്തിറക്കി.
അധികൃതരുടെ ചോദ്യാവലിയ്ക്ക് കൃത്യമായ ഉത്തരം നല്‍കിയാല്‍ ഏത് രാജ്യത്തു നിന്ന്, ഏതു വീസയിലാണോ എത്തുന്നത് അതനുസരിച്ച് യാത്രക്കാരന്‍ പാലിക്കേണ്ട വ്യവസ്ഥകള്‍, കൈവശം വേണ്ട രേഖകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി നല്‍കുന്നതാണ് ഗൈഡ്. ഗൈഡ് പരമാവധി യാത്രികർ പ്രയോജനപ്പെടുത്തണമെന്ന് ജിസിഒ വക്താവ് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.