അഫ്‌ഗാനിൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് തുടരുന്നതിനിടെ തന്ത്രപ്രധാനമായ പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സ്പിൻ ബോൾഡക് അതിർത്തിയുടെ നിയന്ത്രണവും കൈക്കലാക്കി താലിബാൻ . അതിർത്തിയിലെ ചെക്പോസ്റ്റിന് മുകളിൽ ‘ഇസ്‌ലാമിക് എമിറേറ്റിന്റെ’ പതാക ഉയർത്തുന്ന ദൃശങ്ങൾ താലിബാൻ പുറത്തുവിട്ടു. അതിർത്തിയിൽ നിയോഗിച്ചിരുന്ന ഔദ്യോഗിക സേന ഏറ്റുമുട്ടൽ ആരംഭിച്ച സന്ദർഭത്തിൽ തന്നെ കീഴടങ്ങുകയായിരുന്നു എന്ന് റോയിറ്റേഴ്‌സ് അടക്കമുള്ള ഇംഗ്ളീഷ് മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു.എന്നാൽ അതിർത്തിയുടെ നിയന്ത്രണം നഷ്ടമായിട്ടില്ലെന്നാണ് അഫ്ഘാൻ ഗവണ്മെന്റ് അവകാശപ്പെടുന്നത്. അതേസമയം പാകിസ്താൻ വൃത്തങ്ങൾ അതിർത്തിയിൽ താലിബാൻ പതാക ഉയർത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അഫ്‌ഗാൻ നഗരമായ വേഷിന്റെയും പാകിസ്താൻ നഗരമായ ചമനിന്റെയും മധ്യേയുള്ള അതിർത്തിപ്രദേശമാണ് സ്പിൻ ബോൾഡക് . അഫ്ഗാനിസ്ഥാനിലെ ഏറ്റവും തിരക്കേറിയ പ്രവേശന കവാടമായ ഈ മേഖല രാജ്യത്തെ വിവിധ പാക് തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. അഫ്‌ഗാൻ-പാകിസ്താൻ വ്യാപാരത്തിന്റെ നിർണായക കേന്ദ്രമാണ് ‘സൗഹൃദ ഇടനാഴി’ എന്ന് വിശേഷിപ്പിക്കുന്ന ഇവിടം. സർക്കാർ കണക്കുകൾ പ്രകാരം 900 ട്രക്കുകളാണ് ഒരു ദിവസം സ്പിൻ ബോൾഡക് ചെക്പോസ്റ് കടന്ന് ചരക്കുനീക്കം നടത്തുന്നത്.
അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ പല മേഖലകളിലും താലിബാന്‍ പിടിമുറുക്കുകയാണ്. ഹെരാത്ത്, ഫറാ, കുന്ദുസ് പ്രവിശ്യകളും താലിബാന്‍ പിടിച്ചെടുത്തു. അഫ്ഗാനിലെ ഗോത്ര വംശജരെ താലിബാന്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയാണെന്ന് അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുല്ല സാലേ കുറ്റപ്പെടുത്തി.






