ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനു നേരെ താലിബാന്റെ ആക്രമണം

ഇന്ത്യ-അഫ്ഗാൻ ഫ്രണ്ട്ഷിപ് ഡാം എന്നാറിയപ്പെടുന്ന സൽമ അണക്കെട്ടിനു നേരെ താലിബാന്റെ വെടിവയ്പ്. പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലെ പ്രധാന വൈദ്യുതി ജലസേചന സ്രോതസ്സാണ് ഈ അണക്കെട്ട്. 2016 ൽ ഇന്ത്യൻ പ്രധാനമന്ത്രിയും അഫ്ഘാൻ പ്രസിഡന്റും ചേർന്ന് ഉദ്ഘാടനം ചെയ്തതാണ് ഈ ഡാം. ഇത്തരത്തിൽ തുടർച്ചയായി റോക്കറ്റുകൾ വിറ്റാൽ സൽമ ഡാം നശിക്കുമെന്നും ചില റോക്കറ്റുകൾ ഡാമിന് സമീപം വന്നിട്ടുണ്ടെന്നും അഫ്ഗാനിസ്ഥാൻ റിപ്പോർട്ടുകൾ പറയുന്നു. പ്രവിശ്യയിലെ 8 ജില്ലകളാണ് അണക്കെട്ടിനെ ആശ്രയിച്ചു ജീവിക്കുന്നത്. അണക്കെട്ട് ദേശീയ സ്വത്താണെന്നും അവ യുദ്ധത്തിൽ നശിപ്പിക്കേണ്ടതല്ല എന്നും അതോറിറ്റി പറഞ്ഞു.

അതെ സമയം അണക്കെട്ടിനു നേർക്ക് വെടിവച്ചിട്ടില്ലെന്ന നിലപാടാണ് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് എടുത്തത്. ചെഷ്ത് ജില്ലയ്ക്കടുത്തുള്ള ഹരിറോഡ് നദിയുടെ മുകൾ ഭാഗത്താണ് സൽമ ഡാം സ്ഥിതി ചെയ്യുന്നത്. 107 മീറ്റർ ഉയരവും 550 മീറ്റർ നീളവുമുണ്ട്. 42 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനും 75,000 ഹെക്ടർ ഭൂമി ജലസേചനം നടത്താനും ഡാമിന് സാധിക്കും. 2005 ൽ ഇന്ത്യ ഈ പദ്ധതിക്ക് ധനസഹായം നൽകുകയും അണക്കെട്ട് പൂർത്തിയാക്കാൻ ഇന്ത്യൻ വാട്ടർ ആൻഡ് എനർജി കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അണക്കെട്ടിനായി ഏകദേശം 290 ദശലക്ഷം ഡോളർ ചിലവ് ഇന്ത്യൻ സർക്കാർ 2015 ഡിസംബറിൽ പാസ്സാക്കിയിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ അഫ്ഗാൻ സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയാണിത്.