വൈദികനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തത്തിൽ പ്രതിഷേധം രേഖപ്പെടുത്തി യു.എൻ ഉദ്യോഗസ്ഥയും യൂറോപ്യൻ യൂണിയൻ പ്രതിനിധിയും രംഗത്ത്. അദ്ദേഹത്തെ ജയിലിലടച്ചത് തെറ്റായ തീവ്രവാദക്കുറ്റം ചുമത്തിയാണെന്നും മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്നവരെ ജയിലിടക്കുന്നത് ന്യായീകരിക്കാനാകാത്തതാണെന്നും യു.എന്നിലെ മുതിർന്ന ഉദ്യോഗസ്ഥയായ മേരി ലാവ്ലർ ട്വീറ്റ് ചെയ്തു. യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശ കമ്മിറ്റി പ്രത്യേക പ്രതിനിധി ഈമൻ ഗിൽമോറും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മേരി ലാവ്ലറുടെ ട്വീറ്റ് പങ്കുവെച്ചാണ് ഈമൻ ഗിൽമോറും തന്റെ നിലപാട് വ്യക്തമാക്കിയത്. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ താൻ വളരെയധികം ദുഖിതനാണെന്നും സ്വദേശികളുടെ അവകാശങ്ങൾക്കായി നിലകൊണ്ടിരുന്ന അദ്ദേഹം കഴിഞ്ഞ ഒൻപത് മാസങ്ങളായി തടങ്ങലിലായിരുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യൂറോപ്യൻ യൂണിയൻ ഇന്ത്യയിലെ അധികൃതരുമായി ഈ വിഷയം പലവട്ടം സംസാരിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 ജനുവരി ഒന്നിന് നടന്ന ഭീമ കൊറേഗാവ് കലാപ കേസിൽ ഗൂഢാലോചന ആരോപിച്ചാണ് സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. പാർക്കിൻസൺ രോഗബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലിൽ വെച്ച് കൃത്യമായ ചികിൽസ ലഭിക്കുന്നില്ല എന്ന പരാതിയെ തുടർന്ന് ചിങ്കിൽസക്കായി ജാമ്യം അനുവദിച്ചിരുന്നു. മുംബൈ ഹോളി ഫെയ്ത്ത് ഹോസ്പിറ്റലിൽ വെച്ചാണ് അദേഹം മരിച്ചത്.സ്റ്റാൻ സ്വാമിയുടെ മരണത്തിനു ശേഷം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹ്യ. രാഷ്ട്രീയ പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.