യു എസിനെ കേന്ദ്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഡസൻ കണക്കിന് ഇറാനിയനും ഇറാനുമായി ബന്ധപ്പെട്ട വാർത്താ ചാനലുകളും, വെബ്‌സൈറ്റുകളും യുഎസ് ഉപരോധിച്ചു. നിയമപാലന ഭാഗമായി സൈറ്റുകൾ ഉപരോധിക്കുന്നു എന്ന് ജനങ്ങൾക്ക് സന്ദേശം നൽകി ചൊവ്വാഴ്ചയോടെയാണ് ഈ തീരുമാനം പ്രാവർത്തികമാക്കിയത്. ഇറാനിലെ സ്റ്റേറ്റ്റൺ ഇംഗ്ലീഷ് ഭാഷാ ചാനലായ പ്രസ് ടിവിയും അവയിൽ ഉൾപ്പെടുന്നു. പുതിയ ഡൊമൈനുകൾ ഉപയോഗിച്ച് മണിക്കൂറുകൾക്കുള്ളിൽ നിരവധി സൈറ്റുകൾ ഓൺലൈനിൽ തിരിച്ചെത്തി. ഇറാൻ ഈ നിരോധത്തെ ശക്തമായി വിമർശിക്കുകയും ആണവകരാർ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടക്കുമ്പോൾ ഇത്തരത്തിലുള്ള പ്രവർത്തി ഗുണകാരമായിരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇറാനിയൻ ഇസ്ലാമിക് റേഡിയോ ആൻഡ് ടെലിവിഷൻ യൂണിയൻ (ഐആർടിവിയു) ഉപയോഗിച്ച 33 വെബ്‌സൈറ്റുകളും ഇറാന്റെ പിന്തുണയുള്ള കതൈബ് ഹിസ്ബുള്ള മിലിഷിയ നടത്തുന്ന മൂന്ന് വെബ്‌സൈറ്റുകളും ഉപരോധിച്ചതായി യുഎസ് നീതിന്യായ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. വിദേശ തീവ്രവാദ സംഘടനയായി യുഎസ് പ്രഖ്യാപിച്ച ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിതമോ ആയതിനാലാണ് ഐആർടിവി ഉപരോധത്തിന് വിധേയമായതെന്ന് യു എസ് നീതിന്യായ വകുപ്പ് അറിയിച്ചു. അമേരിക്കയുടെ ഈ നടപടിയെ അപലപിക്കാനും തെറ്റായ നയം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനും എല്ലാ അന്തർദ്ദേശീയവും നിയമപരവുമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഓഫീസ് ഡയറക്ടർ മഹമൂദ് വീസി ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.






