സൗദിയിൽ വിദേശികളായ മറ്റു തൊഴിലാളികളെപ്പോലെ ഗാർഹിക തൊഴിലാളികൾക്കും ലെവി ചുമത്താൻ മന്ത്രിസഭാ തീരുമാനം. സൗദി പൗരന്റെ സ്‌പോൺസർഷിപ്പിൽ നാലിൽ കൂടുതലുള്ള ഗാർഹിക തൊഴിലാളികൾക്കും വിദേശിയുടെ സ്‌പോൺസർഷിപ്പിൽ രണ്ടിൽ കൂടുതലുള്ള വേലക്കാർക്കും ഓരോ ആൾക്കും പ്രതിമാസം 800 റിയാൽ തോതിൽ വർഷത്തിൽ 9,600 റിയാൽ ലെവി ചുമത്താനാണ് തീരുമാനം.
മെഡിക്കൽ പരിചരണം, വികലാംഗ പരിചരണം പോലെയുള്ള മാനുഷിക പരമായ കേസുകളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ ഗാർഹിക തൊഴിലാളികളെ ആവശ്യമുള്ള സാഹചര്യങ്ങളെ പ്രത്യേക കമ്മിറ്റി തയാറാക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി ലെവിയിൽ നിന്ന് ഒഴിവാക്കുന്നതാണ്. ഗാർഹിക തൊഴിലാളികൾക്കുള്ള ലെവി തീരുമാനം അധികം ആളുകളെ ബാധിക്കില്ല. രണ്ടു ഘട്ടമായാണ് ഈ തീരുമാനം നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ പുതിയ വിസയിൽ റിക്രൂട്ട് ചെയ്യുന്ന, സൗദി പൗരനു കീഴിലെ നാലിൽ കൂടുതലായി വരുന്ന ഗാർഹിക തൊഴിലാളികൾക്കും വിദേശിക്കു കീഴിലെ രണ്ടിൽ കൂടുതലായി വരുന്ന വേലക്കാർക്കും അടുത്ത മെയ് 22 മുതൽ ലെവി ബാധകമാക്കും
അതെ സമയം 2018 ജനുവരി ഒന്നു മുതൽ ആണ് സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും സൗദി സർക്കാർ ലെവി ബാധകമാക്കിയത്. സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4,800 റിയാലും സൗദികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3,600 റിയാലുമാണ് 2018 ൽ ലെവിയായി അടക്കേണ്ടിയിരുന്നത്. 2019 ൽ വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി 600 റിയാലും 2020 ൽ 800 റിയാലും ആയി ഉയർത്തി. 2017 ജൂലായ് മുതലാണ് വിദേശ തൊഴിലാളികളുടെ ഫാമിലികൾക്കും ആശ്രിത ലെവി നിയമം നിലവിൽവന്നത്.






