ശ്രീലങ്കയിലെ പ്രതിഷേധം; മഹിന്ദ രജപക്സെ രാജിവച്ചു

ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്‌തതോടെയാണ് രജപക്സെ രാജിവച്ചത്. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതിയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ രാജിയാവശ്യം ഉയര്‍ന്നിരുന്നു. മന്ത്രിമാരായ പ്രസന്ന രണതുംഗ, നലക ഗോതഹേവ, രമേഷ്‌ പതിരണ എന്നിവരും പ്രധാനമന്ത്രിയുടെ രാജി തീരുമാനത്തോട്‌ യോജിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക്‌ പരിഹാരം രാജിയാണെങ്കിൽ സമ്മതമാണെന്ന്‌ മഹിന്ദ മുമ്പ് പ്രതികരിച്ചിട്ടുണ്ട്.

മഹിന്ദയുടെ രാജിക്കായി സ്വന്തം പാർട്ടിയായ പൊതുജന പെരാമുനയിൽ നിന്നുതന്നെ സമ്മർദം ശക്തമായിരുന്നു. തന്നെ പിന്തുണയ്ക്കുന്നവരെ ഒപ്പം കൂട്ടി ഈ നീക്കത്തെ ചെറുക്കുകയായിരുന്നു മഹിന്ദ ഇതുവരെ. എന്നാൽ കൊളംബോയിലെ ആക്രമണത്തോടെ ഈ നീക്കവും പാളി. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ച് പിടിച്ചുനിന്ന മഹിന്ദ സ്ഥാനമൊഴിയുന്നത്.

ഇന്നു രാവിലെയാണ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു പുറത്ത് നൂറുകണക്കിന് സർക്കാർ അനുകൂലികൾ ചേർന്ന് റാലി നടത്തിയത്. മഹിന്ദയ്ക്ക് ഐക്യദാർഢ്യമറിയിച്ചായിരുന്നു പ്രകടനം. പിന്നാലെ, ടെംപിൾ ട്രീസിനും പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ വസതിക്കും തൊട്ടടുത്തുള്ള പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ വേദിയിലേക്ക് സംഘം ഇരച്ചുകയറുകയായിരുന്നു. സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്താൻ സായുധസേനയ്‌ക്ക്‌ അധികാരം നൽകിയതിനെതിരെ പ്രതിപക്ഷത്തുനിന്നും വിദേശ സ്ഥാനപതികളിൽനിന്നും കടുത്ത വിമർശമാണ്‌ പ്രസിഡന്റ്‌ ഗോതബായ നേരിടുന്നത്‌. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌.