5 സംസ്ഥാങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പുറത്ത് വരുമ്പോൾ നേട്ടം ഉണ്ടാക്കി ബിജെപി. ഉത്തർപ്രദേശിൽ ചരിത്രത്തിലാദ്യമായി ബിജെപിയ്‌ക്ക് ഭരണത്തുടർച്ച. യോഗി ആദിത്യനാഥ് ഉൾപ്പടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഏതാണ്ട് ജയമുറപ്പിച്ചു. പൊരുതിയെങ്കിലും അഖിലേഷ് യാദവിനും ബിജെപിയുടെ അടുത്തെത്താൻ കഴിഞ്ഞില്ല.കോൺഗ്രസും മായാവതിയും ചിത്രത്തിൽപ്പോലുമില്ലാതെ മറഞ്ഞു. 275 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. 121 സീറ്റുകളിൽ എസ്‌പിയും മുന്നിട്ടുനിൽക്കുന്നു. ബിഎസ്‌പി 4, കോൺഗ്രസ് 2, മറ്റുള്ളവർ 1 എന്നിങ്ങനെയാണ് കക്ഷിനില.
മണിപ്പൂരിലും ബിജെപി തുടർഭരണത്തിലേക്ക് നീങ്ങുകയാണ്. ആകെയുള്ള 60 സീറ്റിൽ 29ലും ബിജെപി മുന്നേറുകയാണ്. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) 10 സീറ്റ് ലീഡ് ചെയ്യുന്നു. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കോൺഗ്രസ് 9 സീറ്റുകളിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്.
2017-ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം കൈവിട്ട സാഹചര്യമാണ് മണിപ്പൂരില്‍ കോണ്‍ഗ്രസിനുണ്ടായത്. തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടിയ ബിജെപി നാല് വീതം സീറ്റുകളുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയുമായി ചേർന്ന് അധികാരത്തിൽ വരികയായിരുന്നു. ലോക് ജനശക്തി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവരുടെ ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനും ബിജെപിക്ക് പിന്തുണ നൽകി.
അതെ സമയം ഡല്‍ഹിക്കു പുറത്ത് ആം ആദ്മി പാര്‍ട്ടി ആദ്യമായി പഞ്ചാബില്‍ വന്‍ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപവത്കരിക്കും. ടെലിവിഷന്‍ രംഗത്തുനിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ഭഗവന്ത് മാന്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകും. 117 അംഗസഭയിൽ 90 ലധികം സീറ്റിൽ എഎപി ലീഡ് ചെയ്യുകയാണ്. ഭരണകക്ഷിയയ കോൺഗ്രസിന് നിലവിൽ ഇരുപത് സീറ്റിൽ താഴെ മാത്രമാണുള്ളത്. മാൽവ, മാഝാ മേഖലകളിൽ ആം ആദ്മിക്ക് വ്യക്തമായ മേധാവിത്വമുണ്ട്. പാർട്ടി ആസ്ഥാനത്ത് ആം ആദ്മി പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലും, ഗോവയിലും ബി ജെ പി കേവല ഭൂരിഭക്ഷത്തിലേക്ക് അടുക്കുകയാണ്. ഉത്തരാഖണ്ഡിൽ ബി ജെ പി 45 സീറ്റിലും കോണ്‍ഗ്രസ് 22 സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഗോവയിൽ 20 സീറ്റിൽ മുന്നിട്ട് നിൽക്കുന്ന ബി ജെ പിക്കു മൂന്ന് സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.






