അമേരിക്ക ആസ്ഥാനമായി ഓയിൽ ആൻ്റ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ടെക്നോളജി ദാതാക്കളായ NOV Inc(നാഷണൽ ഓയിൽ വെൽ) കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെൻ്റർ കേരളത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. വ്യവസായ മന്ത്രി പി രാജീവ് ആണ് ഈ വിവരം ഫേസ്ബുക് കുറിപ്പിലൂടെ പങ്കു വെച്ചത്.
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം
അമേരിക്ക ആസ്ഥാനമായി ഓയിൽ ആൻ്റ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ടെക്നോളജി ദാതാക്കളായ NOV Inc(നാഷണൽ ഓയിൽ വെൽ) കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ക്യാപ്പബിലിറ്റി സെൻ്റർ കേരളത്തിൽ ആരംഭിച്ച സന്തോഷം മുഴുവൻ മലയാളികളുമായി പങ്കുവെക്കുകയാണ്. 52 രാജ്യങ്ങളിലായി 32000ത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം ഇന്ത്യയിലും നിരവധി സ്ഥലങ്ങൾ പ്രഥമഘട്ടത്തിൽ പരിശോധിച്ചതിന് ശേഷമാണ് കേരളം തെരഞ്ഞെടുത്തത്. കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ ആരംഭിച്ചിട്ടുള്ള കേന്ദ്രത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്ങ് സെൻ്റർ, കോർപ്പറേറ്റ് ഡിജിറ്റൽ സർവീസ്, കസ്റ്റമർ സപ്പോർട്ട് സെൻ്റർ എന്നീ സൗകര്യങ്ങൾ ലഭ്യമാകും. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളത്തിലേക്ക് കടന്നുവരുന്ന നാലാമത്തെ ആഗോള കമ്പനിയാണ് NOV Inc.
ലോകത്തിൻ്റെ എല്ലാ കോണുകളിലും നാളെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഇവിടെ നിന്ന് ഉൽപാദിപ്പിക്കുന്നതാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് കമ്പനി അധികൃതർ ഉദ്ഘാടനവേളയിൽ പ്രഖ്യാപിച്ചത്. അവരെല്ലാവരും തന്നെ കേരളത്തിൻ്റെ മികച്ച ടാലൻ്റ് പൂളിനെ പ്രശംസിക്കുകയും ചെയ്തത് എന്തുകൊണ്ട് കേരളം നൂതന സാങ്കേതിക വിദ്യാ വ്യവസായങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നു എന്നതിനുള്ള ഏറ്റവും അനുയോജ്യമായ തെളിവാണ്. ഒപ്പം മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ലഭ്യമായിട്ടുള്ള ശുദ്ധവായുവും ജലലഭ്യതയും വൈജ്ഞാനിക സമ്പദ്ഘടനാ വികസനവുമെല്ലാം കേരളത്തെ ഇൻ്റസ്ട്രിയൽ റെവല്യൂഷൻ 4.0 കമ്പനികളുടെ ശ്രദ്ധാകേന്ദ്രമായി മാറ്റുകയാണ്.
ഊർജ്ജ മേഖലയിൽ നൂതനത്വവും മികവും ഉറപ്പുവരുത്തുന്ന ഗ്ലോബൽ കേപബിലിറ്റി സെൻ്റർ എന്ന നിലയിൽ കൊച്ചി കേന്ദ്രത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് എൻ. ഓ. വി ഡിജിറ്റൽ ടെക്നോളജി സർവ്വീസസ് ഡയറക്ടർ സ്റ്റാലി ജോർഡൻ പറഞ്ഞു. ഇന്ത്യയിലെ മികച്ച പ്രതിഭ ഉപയോഗപ്പെടുത്താൻ പുതിയ സെൻ്റർ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് സെൻ്റർ, കോർപ്പറേറ്റ് ഡിജിറ്റൽ സർവ്വീസസ്, കസ്റ്റമർ സപ്പോർട്ട് സെൻ്റർ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിൽ ശ്രദ്ധയൂന്നിയാവും കൊച്ചി കേന്ദ്രം പ്രവർത്തിക്കുക. എൻ. ഓ.വി ഉൽപന്നങ്ങളുടെ വൈവിധ്യം ലക്ഷ്യമിട്ട് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക, സ്ഥാപനത്തിൻ്റെ ആഭ്യന്തര ഡിജിറ്റൽ പരിവർത്തനം സുഗമമാക്കുക, ആഗോള ഉപഭോക്തൃ സേവനം വിപുലപ്പെടുത്തുക എന്നിവയാണ് കൊച്ചി കേന്ദ്രം വഴി എൻ. ഓ. വി ലക്ഷ്യമിടുന്നത്.
1862 ൽ രൂപീകൃതമായ എൻ. ഒ. വി 52 രാജ്യങ്ങളിലായി 552 കേന്ദ്രങ്ങളിൽ സാന്നിധ്യമുള്ള ബഹുരാഷ്ട്ര കമ്പനിയാണ്. പാരമ്പര്യേതര – ആഴക്കടൽ എണ്ണ – വാതക ഖനനത്തിനായി ആധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും മുൻനിരയിലുള്ള കമ്പനിയുമാണ്. ലോകോത്തര കമ്പനികൾ കേരളം പ്രവർത്തന കേന്ദ്രമാക്കുന്നതിലെ മറ്റൊരു ഉദാഹരണമാണ് എൻ.ഒ.വി എന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.