Match Review- ‘അട്ടിമറി തുടർക്കഥ’; ജർമനി-ജപ്പാൻ മത്സരം ഒരു വിശകലനം

ലോകക്പ്പ് ഫുട്‌ബോളിൽ അട്ടിമറി തുടർ കഥയാകുന്നു. താരതമ്യേന ദുർബലരായ സൗദി അറേബ്യക്ക് മുന്നിൽ ഇന്നലെ അടിയറവ് പറഞ്ഞത് സാക്ഷാൽ അർജന്റീന ആണെങ്കിൽ ഇന്ന് മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചത് ഏഷ്യൻ പുലികളായ ജപ്പാൻ ആണ്. ആദ്യ പകുതിയിൽ ജർമ്മനി ഒരു ഗോളിന് മുന്നിലായിരുന്നു. ജര്‍മ്മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍. ജര്‍മ്മനിക്കായി മാഞ്ചസ്റ്റർ സിറ്റി താരം ഇൽകേ ഗുണ്ടോവാൻ പെനാൽറ്റിയിലിലൂടെ ഗോൾ കണ്ടെത്തിയപ്പോൾ ജപ്പാനായി 75-ാം മിനുറ്റില്‍ റിട്‌സുവും 83-ാം മിനുറ്റില്‍ അസാനോയും ഗോള്‍ നേടി.

https://www.youtube.com/watch?v=eahUtQZ_0D8

ഗ്രൗണ്ടില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കാനുള്ള ജപ്പാന്‍കാരുടെ ആറ്റിറ്റിയൂഡ് പറയാതിരിക്കാനാവില്ല. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും കിടിലന്‍ മത്സരം ആയിരുന്നു ജര്‍മ്മനിയും ജപ്പാനും തമ്മിലുള്ളത്. കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ അഞ്ചെണ്ണം എടുത്താല്‍ അതില്‍ ഒന്ന് ജപ്പാനും ബെല്‍ജിയവും തമ്മിലുള്ളതായിരുന്നു. ആ കളി ഓര്‍ക്കുമ്പോള്‍ ഇപ്പോഴും രോമാഞ്ചമാണ്. ആ മത്സരം 3-2 ന് പൊരുതി തോറ്റെങ്കിലും അന്നത്തെ അതെ വെറും വാശിയും പുലർത്തിയ ഇന്നത്തെ മത്സരത്തിൽ വിജയം ജപ്പാന്റെ കൂടെ ആയിരുന്നു. തീരെ ബോറടിപ്പിക്കാത്ത കളി. ആദ്യ പകുതിയില്‍ തുടരെ ഉള്ള ജര്‍മ്മനിയുടെ ആക്രമണത്തില്‍ പൊസെഷന്‍ കീപ്പ് ചെയ്യാനും ഗെയിം ബില്‍ഡപ്പ് ചെയ്യാനും അവര്‍ക്ക് പറ്റിയില്ലെങ്കിലും മോശമായിരുന്നില്ല കളി.

ആദ്യ പകുതിക്ക് ശേഷം പ്രത്യേകിച്ച് ഒരു 60 മിനിറ്റിന് ഒക്കെ ശേഷം ജപ്പാന്റെ നീക്കങ്ങൾ ഗംഭീരമായിരുന്നു. അവരുടെ കൗണ്ടർ അറ്റാക്കുകളിൽ കേളി കേട്ട ജർമ്മൻ പ്രതിരോധം ആടിയുലഞ്ഞു. 70 മിനിറ്റ് കഴിഞ്ഞപ്പോള്‍ ജപ്പാൻ പരിശീലകൻ മൊറിയാസു നടത്തിയ സബ്‌സ്റ്റിറ്റിയൂഷനുകള്‍ ഗെയിം ചെയ്ഞ്ചറായി. ഡോവന്‍, മുന്‍ ലിവര്‍പൂള്‍ സ്റ്റാര്‍ മിനാമിനോ. ആദ്യ ഗോളില്‍ ഇവര്‍ രണ്ട് പേരും ഇന്‍വോള്‍വ്ഡായി. മിനാമിനോ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ച ചെറിയ ക്രോസ് നൂയര്‍ ക്ലിയര്‍ ചെയ്തിട്ടത് ഡോവന്റെ മുന്നിലേക്ക്. ആദ്യ ഗോള്‍. ഏഴെട്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ കിട്ടിയ ഒരു ലോങ്‌ബോളുമായി അസാനോ ബോക്‌സിന്റെ റൈറ്റ് കോര്‍ണറിലേക്ക്. അവിടെ നിന്ന് പോസ്റ്റിന്റെ റൂഫിലേക്ക് രണ്ടാമത്തെ ഗോളിനും ഷോട്ട് പായിച്ചതോടെ ജർമൻ പട തോറ്റു പോയിരുന്നു.

“പന്തിന്മേൽ ജർമ്മനിക്ക് ആധിപത്യം നൽകുമെങ്കിലും ജപ്പാന്റെ പെട്ടെന്നുള്ള പ്രത്യാക്രമണങ്ങൾ അതിജീവിക്കുകയാണ് വെല്ലുവിളി’ എന്ന് മത്സരത്തിന് മുൻപ് ഒരു സ്പോർട്സ് ലേഖകൻ കുറിച്ചിട്ടിരുന്നു. ഏതാണ്ട് അത് തന്നെ ആണ് സംഭവിച്ചത്. ലോകഫുട്ബാളിലെ വമ്പന്മാരെ ഏഷ്യൻ വൻകരയുടെ അഭിമാനമായി മാറിയ ജപ്പാൻ നിലം പരിശാക്കി.