• inner_social
  • inner_social
  • inner_social

രാജ്യാഭിവാദ്യം: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും രാജ്യം വിട നൽകുന്നു

കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും രാജ്യം വിട നൽകുന്നു. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം വൈകിട്ട് നാലരയ്ക്ക് സംസ്‌കരിക്കും . പൂർണ സൈനിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാരം. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്. ഇരുവരുടെയും മൃതദേഹം വിലാപയാത്രയായി അൽപ്പസമയത്തിനകം ഡൽഹി ബ്രാർ സ്‌ക്വയറിലെത്തിക്കും. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് ബ്രാർ സ്ക്വയറിലേക്ക് നടക്കുന്ന വിലാപ യാത്ര കടന്നുപോകുന്ന വീഥിക്ക് ഇരുവശവും നിരവധിപേരാണ് പുഷ്പങ്ങളുമായി അന്ത്യോമപചാരം അർപ്പിക്കാനെത്തുന്നത്.

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.

ദില്ലിയില്‍ നിന്ന് രാവിലെ ഒന്‍പത് മണിക്ക് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്യം ആ ദുരന്ത വാര്‍ത്ത കേട്ടത്. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. ഈ സമയം പ്രധാനമന്ത്രിയെ കണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് പിന്നാലെ വ്യോമസേന മേധാവിയെ പ്രതിരോധ മന്ത്രി സംഭവസ്ഥലത്തേക്കയച്ചു. പിന്നാലെ പ്രതിരോധ മന്ത്രി രാജനാാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചു. അതിന് ശേഷമാണ് ബിപിൻ റാവത്തിന്‍റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.