കഴിഞ്ഞ ദിവസം ഭൂകമ്പമുണ്ടായ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലേയ്ക്ക് ഇന്ത്യയുടേയും,യുഎഇയുടെയും അടിയന്തിര സഹായം. ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ 27 ടൺ അടിയന്തര സഹായം അയച്ചു.ദാരുണമായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കായി രണ്ട് വിമാനങ്ങളിലായി 27 ടൺ അടിയന്തര ദുരിതാശ്വാസ സഹായം അയച്ചു. ദുരിതാശ്വാസ സഹായത്തിൽ ഫാമിലി റിഡ്ജ് ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ബ്ലാങ്കറ്റുകൾ, സ്ലീപ്പിംഗ് പായകൾ എന്നിവയുൾപ്പെടെ അവശ്യവസ്തുക്കളുണ്ട്.
ദുരിതാശ്വാസ ചരക്ക് കാബൂളിലെ യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സിനും അഫ്ഗാൻ റെഡ് ക്രസന്റ് സൊസൈറ്റിക്കും കൈമാറും. നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം പങ്കിടുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അഫ്ഗാൻ ജനതയ്ക്ക് അടിയന്തര ദുരിതാശ്വാസ സഹായം നൽകുന്നതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎഇയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് 30 ടൺ അടിയന്തര ഭക്ഷ്യ വസ്തുക്കളുമായി വിമാനം അയച്ചു. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാന്റെ നിർദേശം നടപ്പാക്കാനാണ് നീക്കം.
ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനും എമിറേറ്റ്‌സ് റെഡ് ക്രസന്റും വിദേശകാര്യ മന്ത്രാലയത്തിന്റെയും രാജ്യാന്തര സഹകരണത്തിന്റെയും ഏകോപനത്തോടെ നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കിഴക്കന്‍ അഫ്‌ഗാനിസ്ഥാനില്‍ മലയോര മേഖലയില്‍ വാൻ ഭൂകമ്പം ഉണ്ടായത് മരണസംഖ്യ, റിക്‌ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആയിരത്തിനടുത്ത് ആളുകൾ മരിക്കുകയും 600-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്‌ച രാത്രി ഭൂചലനമുണ്ടായത്. . രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. തുടർചലനങ്ങളിൽ പാകിസ്ഥാനിലും നാശനഷ്ടങ്ങളുണ്ട്.