സാംസ്കാരിക രാഷ്ട്രീയത്തിന് സവിശേഷ പ്രാധാന്യമുള്ള സമകാലിക ലോകത്ത് ഫ്രെഡറിക് ജെയിംസന് പ്രസക്തിയുണ്ട്

പ്രമുഖ അമേരിക്കൻ മാർക്‌സിസ്റ്റ്‌ ചിന്തകനും സാംസ്‌കാരിക–- രാഷ്‌ട്രീയ സൈദ്ധാന്തികനുമായ ഫ്രെഡറിക്‌ ജെയിംസൺ (90) അന്തരിച്ചു. മാർക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തെ പുതിയ കാലത്തിന്റെ യാഥാർഥ്യങ്ങളുമായി ബന്ധിപ്പിച്ച്‌ വിലയിരുത്തിയ സൈദ്ധാന്തികരിൽ ശ്രദ്ധേയനാണ്‌. ദ പൊളിറ്റിക്കൽ അൺകോൺഷ്യസ്, മാർക്‌സിസം ആൻഡ്‌ ഫോം, ദ പ്രിസൺ ഹൗസ്‌ ഓഫ്‌ ലാംഗ്വേജ്‌ തുടങ്ങിയ കൃതികൾ സാംസ്‌കാരിക പഠന മേഖലയിൽ സുപ്രധാന ചലനമുണ്ടാക്കി. മുതലാളിത്തവും രാഷ്ട്രീയവും സമകാലിക സാഹിത്യ-സാംസ്കാരിക പ്രവണതകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങളെഴുതി. ഡ്യൂക്ക് സര്‍വകലാശാലയില്‍ നീണ്ടകാലം പ്രൊഫസറായിരുന്നു. പോസ്റ്റ് മോഡേണിസത്തിന്റെയും പോസ്റ്റ് ക്യാപിറ്റലിസത്തിന്റെയും തിയറിസ്റ്റ് എന്ന നിലയില്‍ സമകാലിക ദാര്‍ശനിക രംഗത്ത് നിറഞ്ഞു നിന്ന പ്രതിഭയാണ് ഫ്രെഡറിക് ജെയിംസണ്‍.

ഫ്രഡറിക് ജെയിംസനെ കുറിച്ച് മന്ത്രിയും സി പി ഐ എം നേതാവുമായ പി രാജീവ് എഴുതിയ കുറിപ്പ് വായിക്കാം

പ്രശസ്ത മാർക്സിസ്റ്റ് ചിന്തകൻ ഫ്രെഡറിക് ജെയിംസൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ചരിത്രത്തേയും സംസ്കാരത്തെയും വിശകലന വിധേയമാക്കാൻ മാർക്സിസത്തെ ആശ്രയിച്ചിരുന്ന വ്യക്തിയാണ് ജെയിംസൺ. “നിങ്ങളൊരു മാർക്സിസ്റ്റ് ആകുമ്പോൾ ജീവിക്കുന്നതും ശ്വസിക്കുന്നതും രാഷ്ട്രീയമായിരിക്കും.” എന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ജീവിതത്തിലും പ്രയോഗത്തിൽ വരുത്താൻ ജെയിംസണ് സാധിച്ചിരുന്നു. കഥയിലും കവിതയിലും ചിത്രരചനയിലും മാധ്യമത്തിലും സിനിമയിലും ചരിത്രത്തിലും ശാസ്ത്രത്തിലുമൊക്കെ മാർക്സിയൻ രീതി ശാസ്ത്രം ഉപയോഗിച്ച് പുതിയ ഉൾക്കാഴ്ചകളിലേക്ക് വായനക്കാരെ നയിച്ച ഒരു എഴുത്തുകാരനെക്കൂടിയാണ് ജെയിംസൻ്റെ മരണത്തിലൂടെ നമുക്ക് നഷ്ടമാകുന്നത്.

ചരിത്രത്തേയും സംസ്കാരത്തെയും വിശകലന വിധേയമാക്കാൻ ജെയിംസൺ ആശ്രയിച്ചിരുന്നത് മാർക്സിസത്തെയാണ്. മാർക്സിസത്തിൻ്റെ എതിരാളികളും ‘നവമാർക്സിസ്റ്റുകളും’ അദ്ദേഹത്തെ കടുത്ത യാഥാസ്ഥിക മാർക്സിസ്റ്റായാണ് ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുള്ളതെങ്കിലും താൻ ഒരിക്കലും പാശ്ചാത്യ മാർക്സിസ്റ്റ് ആയിരുന്നില്ലെന്നും കറകളഞ്ഞ മാർക്സിസ്റ്റ് ആണെന്നും അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാർക്സും ഏംഗൽസും എഴുതിയ വാക്കുകൾ മാത്രമാണ് മാർക്സിസമെന്ന് കരുതുന്ന യാഥാസ്ഥികർക്ക് അതിനു ശേഷം ശക്തിപ്പെട്ട സൈദ്ധാന്തിക വഴികൾ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, പ്രായോഗിക അനുഭവങ്ങളാൽ നിരന്തരം നവീകരിക്കുന്ന ദർശനമായാണ് മാർക്സിസത്തെ കാണേണ്ടത്. മാർക്സിൻ്റെയും ഏംഗൽസിൻ്റേയും കൃതികൾ തന്നെ ഇതിൻ്റെ ഉദാഹരണങ്ങളാണ്. അവർ ഒന്നിച്ചെഴുതിയ രണ്ടാമത്തെ കൃതിയായ ജർമ്മൻ പ്രത്യയശാസ്ത്രം തന്നെ തങ്ങൾക്ക് വ്യക്തത വരുന്നതിനായി എഴുതിയ കുറിപ്പുകളാണെന്ന് മാർക്സ് വ്യക്തമാക്കുന്നുണ്ട്. അതിൽ പല ഭാഗങ്ങളും കീറി കളയുകയോ ‘എലി കരണ്ടു തിന്നാൻ വിധിക്കപ്പെട്ടവയോ ‘ ആയിരുന്നെന്ന് മാർക്സ് തന്നെ വ്യക്തമാക്കുന്നുണ്ട്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖങ്ങൾ വായിക്കുകയാണെങ്കിൽ എങ്ങനെയാണ് ഓരോ പതിപ്പിലും ആ കൃതി പുതുക്കി കൊണ്ടിരുന്നതെന്ന് വ്യക്തമാക്കും. ചില ഭാഗങ്ങൾ ഇപ്പോൾ പ്രസക്തമല്ലെന്നു വരെ അവർ വിശദീകരിക്കരിക്കുന്നുണ്ട്. എന്നാൽ, ചരിത്ര രേഖയായി മാറിയ കൃതിയിൽ ഇനി മാറ്റം വരുത്താൻ തങ്ങൾക്ക് അധികാരമില്ലെന്നും അവർ വ്യക്തമാക്കി. ചില കൂട്ടി ചേർക്കലുകൾ അടിക്കുറിപ്പുകളിലൂടെയുള്ള വിശദീകരണങ്ങൾ വഴി വരുത്തുകയും ചെയ്തു. പക്ഷേ, സാമൂഹ്യ മാറ്റത്തെ സംബന്ധിച്ച തങ്ങളുടെ അടിസ്ഥാന കാഴ്ചപാട് എക്കാലത്തേക്കും ബാധകമായതാണെന്ന കാര്യവും അവർ എടുത്തു പറയുകയും ചെയ്തു. പ്രയോഗ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നിരന്തരം പുതുക്കി കൊണ്ടിരിക്കുന്ന ദർശനമാണ് മാർക്സിസം എന്നത് തിരിച്ചറിയാത്തവരാണ് ആദ്യകാല മാർക്സ്, പിൽക്കാല മാർക്സ് തുടങ്ങിയ വിഭജനം മാർക്സിൻ്റെ രചനകളിൽ നടത്തുന്നത്.

മാർക്സ് മുതലാളിത്തത്തെ വിശകലനം ചെയ്യുന്ന സന്ദർഭത്തിൽ ബ്രിട്ടനിലും ചില യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും മാത്രം പരിമിതമായ വ്യവസ്ഥയായിരുന്നു. വ്യവസായ ഉൽപ്പാദനത്തിൻ്റെ അളവും വ്യവസായ തൊഴിലാളികളുടെ എണ്ണവും തുലോം കുറവായിരുന്നു. അത്തരമൊരു സാഹചര്യത്തിലും അസാധാരണ ദീർഘവീക്ഷണത്തോടെ ശാസ്ത്രീയമായി മുതലാളിത്തത്തെ വിശകലന വിധേയമാക്കാനും സാമൂഹ്യ മാറ്റത്തിൻ്റെ സ്വഭാവത്തെ വരച്ചുകാണിക്കാനും കഴിഞ്ഞുവെന്നതാണ് മാർക്സിൻ്റേയും ഏംഗൽസിൻ്റേയും സംഭാവന.
കമ്പോളാധിഷ്ഠിതവും മത്സരാധിഷ്ഠിതവുമായ സാമൂഹ്യ വ്യവസ്ഥയായാണ് മുതലാളിത്തത്തെ മാർക്സ് നിർവചിച്ചിരുന്നത്. അതു കൊണ്ട് തന്നെ കുത്തകകളുടെ രൂപീകരണവും ആധിപത്യവും ഇപ്പോഴുള്ളതുപോലെയാകുമെന്ന് വിഭാവനം ചെയ്യാൻ കഴിയുമായിരുന്നില്ല. മുതലാളിത്ത വളർച്ച കുത്തക രൂപത്തിലേക്ക് എത്തിയ ഘട്ടത്തെ മാർക്സിസത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുന്നതിനാണ് ലെനിൻ ശ്രമിച്ചത്.

സാമ്രാജ്യത്വം മുതലാളിത്തത്തിൻ്റെ പരമോന്നത ഘട്ടം എന്ന ക്ലാസിക് കൃതിയിലൂടെ ലെനിൻ നിർവഹിച്ചത് ഈ കടമയായിരുന്നു. ധൈഷണിക വ്യായമമായിരുന്നില്ല ലെനിൻ നടത്തിയത്. വിപ്ലവത്തിൻ്റെ പ്രയോഗ പ്രതിസന്ധിയാണ് അദ്ദേഹത്തെ ഇതിനു പ്രേരിപ്പിച്ചത്.

രണ്ടാം ലോകമഹായുദ്ധാനന്തരം മുതലാളിത്തത്തിൻ്റെ അവസാനമായിരിക്കുമെന്ന് പ്രവചിച്ചവരുണ്ട്. എന്നാൽ, ആഗോള ധന സ്ഥാപനങ്ങളിലൂടെ പുതിയ ലോകക്രമം രൂപപ്പെടുത്താൻ ധനമൂലധന ശക്തികൾക്ക് കഴിഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തെ ചൂഷണം ശക്തിപ്പെടുത്താൻ ആഗോള ധന മൂലധനം ഉപയോഗിക്കുന്നത് ആഗോളവൽക്കരണത്തിലേക്ക് നയിച്ചു. മൂന്നാം ശാസ്ത്ര സാങ്കേതിക വിപ്ലവത്തിൻ്റെ പരിണത ഫലമായി ഈ ഘട്ടത്തെ ചിലർ വിലയിരുത്തുന്നുണ്ട്.

മുതലാളിത്തം പുതിയ ഘട്ടത്തിലേക്ക് കടന്നുവെന്ന കാഴ്ചപാട് ശക്തമായി. ഫ്രാൻസിലെയും ബൽജിയത്തിലേയും ചിന്തകർ നവ മുതലാളിത്തം എന്ന് ഈ ഘട്ടത്തെ വിശേഷിപ്പിച്ചു. അഡോണയും മറ്റും പിൽക്കാല മുതലാളിത്തം എന്നതിനെ പിന്തുണച്ചു. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ രൂപം കൊണ്ട പദമാണ് പിൽക്കാല മുതലാളിത്തമെങ്കിലും 1972 ൽ ഏണസ്റ്റോ മൻഡലിൻ്റെ ഗവേഷണ പ്രബന്ധം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത് ഗൗരവമായ സംവാദങ്ങൾക്ക് വഴിയൊരുക്കി.

സാമാജ്യത്വ ഘട്ടത്തിലുള്ള മുതലാളിത്തത്തെ ലെനിൻ വിശകലനം നടത്തിയതുപോലെ ഈ പുതിയ ഘട്ടത്തെ മാർക്സിയൻ വിശകലനത്തിനു വിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനം ഫ്രെഡറിക് ജെയിംസൺ മുന്നോട്ടു വെയ്ക്കുന്നു. അതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരാധുനികത; പിൽക്കാല മുതലാളിത്തത്തിൻ്റെ സാംസ്കാരിക യുക്തി എന്ന പ്രബന്ധം അദ്ദേഹം രചിച്ചത്. ഇതേ പേരിലുള്ള പുസ്തകം ആശയ സംവാദങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. അടിത്തറയും മേൽക്കൂരയും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെ തുറന്നു കാട്ടാൻ അദ്ദേഹം എപ്പോഴും ശ്രമിച്ചു. അടിത്തറ മാത്രം കാണുന്ന സാമ്പത്തിക മാത്രവാദികളുടെ സമീപനത്തെ തള്ളിക്കളഞ്ഞു. മാർക്സിസം അടിത്തറയെ മാത്രമേ കാണുന്നുള്ളു എന്ന വിമർശത്തെ ഏംഗൽസ് തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്.

ചരിത്രത്തെ ഫ്രെഡറിക് ജെയിംസൺ ഉൽപ്പാദന സമ്പ്രദായങ്ങളുടെ ചരിത്രമായാണ് കണ്ടിരുന്നത്. ഓരോ ഉൽപ്പാദന സമ്പ്രദായവും സ്വതന്ത്രമായി നിൽക്കുന്നതായല്ല അദ്ദേഹം വിലയിരുത്തിയത്. പഴയതിൻ്റെ തുടർച്ചയും പുതിയതിൻ്റെ തുടക്കവും നിലവിലുള്ളതിനോടൊപ്പം ഏറ്റക്കുറച്ചിലുകളോടെ കാണാൻ കഴിയുമെന്ന് അദ്ദേഹം എഴുതിയിരുന്നു.

മാർക്സിസത്തിൻ്റെ വ്യാഖ്യാനങ്ങളിൽ പലതും തെറ്റായ നിഗമനങ്ങളിലേക്ക് നയിക്കാൻ ശ്രമിച്ചവയാണ്. ചിലത് അടിസ്ഥാന കാഴ്ചപ്പാടിനെ കൈയ്യൊഴിയാൻ ശ്രമിക്കുന്ന പരിഷ്ക്കരണ വാദ നിലപാടുകൾ സ്വീകരിക്കമ്പോൾ മറ്റൊരു വിഭാഗം മാറികൊണ്ടിരിക്കുന്ന വസ്തുനിഷ്ഠ സാഹചര്യത്തെ കണ്ടില്ലെന്നു നടിക്കുന്ന വരട്ടു തത്വ വാദ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. അതിൽ നിന്നും വ്യത്യസ്തമായി പ്രയോഗ അനുഭവങ്ങളാൽ നിരന്തരം സമ്പന്നമാകുന്ന ദർശനം എന്ന നിലയിൽ മാർക്സിസത്തെ സമ്പന്നമാക്കുന്നവരാണ് അതിനെ ജൈവമാക്കുന്നത്. ഫ്രെഡറിക് ജെയിംസൺ ഈ വിഭാഗത്തിൽപ്പെട്ട, ഇന്നത്തെ കാലത്തെ പ്രമുഖനായ മാർക്സിസ്റ്റായിരുന്നു. അദ്ദേഹത്തിൻ്റെ ചില നിഗമനങ്ങളോട് വിയോജിപ്പുകളുണ്ടായെന്നു വരാം. എന്നാൽ, ഇന്നത്തെ കാലത്ത് ഫൈഡറിക് ജെയിംസണിനെ വായിക്കാതെ പുതിയ കാലത്തിൻ്റെ മാർക്സിസ്റ്റ് പ്രയോഗത്തെ സിദ്ധാന്തവൽക്കരിക്കാൻ കഴിയില്ല.

സാംസ്കാരിക രാഷ്ട്രീയത്തിന് സവിശേഷ പ്രാധാന്യമുള്ള സമകാലിക ലോകത്ത് സംസ്കാര ഫ്രെഡറിക് ജെയിംസണിൻ്റെ ചിന്തകൾക്ക് അസാധാരണ പ്രസക്തിയുണ്ട്. സംസ്കാരത്തെ രാഷ്ട്രീയത്തിൽ നിന്നും വേർതിരിച്ച് കാണാൻ കഴിയാത്ത വിധത്തിൽ രാഷ്ട്രീയപ്രവർത്തനം നടക്കുന്ന ഈ ഘട്ടത്തിൽ ഫ്രെഡറിക് ജെയിംസൻ്റെ മരണം ഇടതുപക്ഷ ചേരിക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിക്കുന്നത്.