ബംഗ്ലാദേശിന്റെ ഉരുക്ക് വനിത ഷെയ്ഖ് ഹസീനയ്ക്ക് അടിതെറ്റിയതെവിടെ?
ദി ഹിന്ദുവിൽ സ്റ്റാൻലി ജോണി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
Translated By ; Shilpa Dinesh
ബംഗ്ലാദേശിൽ വീണ്ടും ചരിത്രം ആവർത്തിക്കുകയാണോ?. രാജ്യത്തെ പട്ടാളഭരണത്തിൽ നിന്ന് രക്ഷിച്ച, ദാരിദ്ര്യത്തിൽ നിന്ന് കൈപിടിച്ച് കയറ്റിയ ഭരണാധികാരിക്ക് ഒടുവിൽ രാജ്യം വിട്ട് ഓടേണ്ടിവന്നു. ഷെയ്ഖ് ഹസീന രാജ്യംവിട്ട് മണിക്കൂറുകൾക്കകം അവരുടെ വസതി പ്രക്ഷോഭകർ കൈയേറുകയും കൊള്ളയടിക്കുകയും ചെയ്തു. ആഴ്ചകൾ നീണ്ട സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ശേഷം, ഓഗസ്റ്റ് 5 നാണ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ട് പലായനം ചെയ്തത്. ഹസീന രാജ്യം വിട്ടതോടെ ബംഗ്ലാദേശ് വീണ്ടും പട്ടാളം ഭരണത്തിലേക്ക് പോയി. പിന്നീട് നൊബേൽ ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ നിലവിൽ വരികയും ചെയ്തു.
പ്രതിഷേധങ്ങൾ ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ സവിശേഷതയാണ്. 1952ലെ ഭാഷാ പ്രസ്ഥാനം മുതൽ ഇന്നുവരെ, രാജ്യത്തിന്റെ തർക്കവിഷയമായ സ്വത്വം രൂപപ്പെടുത്തുന്നതിൽ അവ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 1975 ഓഗസ്റ്റ് 15ന് ലോകത്തെ തന്നെ നടുക്കിയ കൂട്ടക്കൊലയിൽ നിന്ന് യാദൃശ്ചികമായാണ് ഷെയ്ഖ് ഹസീന രക്ഷപ്പെട്ടത്. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാൻ ഉൾപ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ധാക്കയിലെ വസതിയിൽ ഒരു കൂട്ടം സൈനികരാൽ കൊല്ലപ്പെട്ടപ്പോൾ 28 വയസ്സുള്ള ഹസീനയും സഹോദരി രെഹാനയും അന്ന് വിദേശത്തായിരുന്നു. തുടർന്ന് ആറ് വർഷം ഇന്ത്യയിൽ പ്രവാസ ജീവിതം നയിച്ചു. അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഇവർക്ക് രാഷ്ട്രീയ അഭയം നൽകിയത്.
ബംഗ്ലാദേശ് ഏറ്റവും കടുത്ത രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലൂടെ കടന്നുപോയ കാലഘട്ടമായിരുന്നു ഇത്. 1981ൽ അവാമി ലീഗ് പാർട്ടി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടതോടെ അവർ ബംഗ്ലാദേശിൽ തിരിച്ചെത്തി. എന്നാൽ, 1984ലും 1985ലുമടക്കം പലതവണ സൈനിക നിയമം ചുമത്തപ്പെട്ട് മാസങ്ങളോളം വീട്ടുതടങ്കലിൽ കഴിയേണ്ടിവന്നു. പിന്നീട് 1986ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് ഹസീന പ്രതിപക്ഷ നേതാവായി. രാജ്യത്തെ പട്ടാളഭരണത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്ന ഹസീന, ഒടുവിൽ, 1990-ൽ മുഹമ്മദ് ഇർഷാദിൻ്റെ സൈനിക സ്വേച്ഛാധിപത്യത്തെ താഴെയിറക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

ആറ് വർഷത്തിന് ശേഷം, ഹസീനയുടെ നേതൃത്വത്തിൽ അവാമി ലീഗ് ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയെ (ബിഎൻപി) പരാജയപ്പെടുത്തുകയും അവർ ആദ്യമായി പ്രധാനമന്ത്രിയാകുകയും ചെയ്തു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായതോടെ രാജ്യത്തെ സമ്പത്ത് വ്യവസ്ഥയ്ക്ക് കാര്യമായ ഉയർച്ചയുണ്ടായി തുടങ്ങി. ദരിദ്രരാജ്യമായിരുന്ന ബംഗ്ലാദേശിനെ പട്ടിണിയിൽ നിന്ന് കരകയറ്റിയത് ഹസീനയുടെ ഭരണകാലമായിരുന്നു. അപ്പോഴും രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത മാറ്റമില്ലാതെ തുടർന്നു. പിന്നീട് 2001ൽ ഖാലിദ സിയ അധികാരത്തിൽ തിരിച്ചെത്തി. 2006ന് ശേഷം വീണ്ടും മൂന്ന് വർഷം രാഷ്ട്രീയ സംഘർഷം രൂക്ഷമായി. 2007ൽ സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തപ്പോൾ ഹസീന വീണ്ടും തടവിലാക്കപ്പെട്ടു. എന്നാൽ പുറത്തുവന്ന് വീണ്ടും തെരഞ്ഞെടുപ്പ് നേരിട്ട് 2009ൽ അവർ അധികാരത്തിൽ തിരിച്ചെത്തി.
തുടർന്നുള്ള 15 വർഷങ്ങളിൽ ബംഗ്ലാദേശിലെ സാമ്പത്തിക പുരോഗതിക്ക് ഹസീന മേൽനോട്ടം വഹിച്ചു. അയൽരാജ്യമായ മ്യാൻമറിൽ അക്രമത്തിൽ നിന്ന് പലായനം ചെയ്ത ദശലക്ഷക്കണക്കിന് റോഹിംഗ്യൻ മുസ്ലീം അഭയാർത്ഥികൾക്ക് ആതിഥേയത്വം വഹിച്ചതിന് ബംഗ്ലാദേശ് സർക്കാർ അന്താരാഷ്ട്ര പ്രശംസ നേടി. 1970 ലെ കൂട്ടക്കുരിതിക്ക് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരുന്നതിനായി യുദ്ധ കുറ്റകൃത്യ ട്രൈബ്യൂണൽ രൂപീകരിച്ചു. അവർ തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. എന്നിട്ടും അവർ ഉണ്ടാക്കിയെടുത്ത നേട്ടങ്ങളെല്ലാം ഒരു മണൽ കോട്ട പോലെ തകർന്നു. ബംഗ്ലാദേശിലെ ‘ഉരുക്കു വനിത’യ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടി വന്നു. ബംഗ്ലാദാശിന്റെ ഏറ്റവും ശക്തയായ പ്രധാനമന്ത്രിക്ക് എവിടെയാണ് പിഴച്ചത്?
ബംഗ്ലാദേശിൽ ജനാധിപത്യ പുനഃസ്ഥാപനത്തിനായി പോരാട്ടം നയിച്ച ഷെയ്ഖ് ഹസീനയ്ക്ക് അധികാരത്തിൽ നിന്നും പുറത്ത് പോകേണ്ടി വന്നതിന് കാരണമായതും മറ്റൊരു പ്രക്ഷോഭമാണ്. ബംഗ്ലാദേശിന്റെ വിമോചനത്തിനുശേഷം മുജീബ് ആദ്യം അവതരിപ്പിച്ച സർക്കാർ ജോലികൾക്കുള്ള ക്വാട്ട സംവിധാനമായിരുന്നു ഹസീനയുടെ പതനത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. 1971ലെ സ്വാതന്ത്ര്യസമര സേനാനികളുടെയും വിമുക്തഭടന്മാരുടെയും കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്തുകൊണ്ടുള്ള, ഒട്ടും ജനപ്രീതിയില്ലാത്ത ക്വാട്ട സമ്പ്രദായം ഹൈക്കോടതി പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. 2018ൽ ഹസീന അധികാരത്തിലേറിയപ്പോഴും ഇതേ വിഷയത്തിൽ അവർക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. വിദ്യാർത്ഥികൾ പ്രതിഷധവുമായി തെരുവിൽ ഇറങ്ങിയതോടെ അന്ന് ഹസീന തന്നെ അത് പിൻവലിക്കുകയായിരുന്നു. 2024 ജൂണിൽ ബംഗ്ലാദേശ് ഹൈക്കോടതിയാണ് പഴയ ക്വാട്ട സംവിധാനം പുനഃസ്ഥാപിച്ചത്.
എന്നാൽ, അവിടെയും ഹസീനയ്ക്ക് വെല്ലുവിളിയായി മറ്റൊരു വിഷയം കൂടെയുണ്ടായിരുന്നു, അവരുടെ സർക്കാരിന് ആവശ്യമായ രാഷ്ട്രീയ നിയമസാധുതയുടെ അഭാവം. ബംഗ്ലാദേശിൽ പ്രതിപക്ഷ പാർട്ടികളും സർക്കാരും തമ്മിൽ ചരിത്രപരമായി ശത്രുതാപരമായ ബന്ധമാണുള്ളത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ എതിരാളികളാണ് ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി. 2018ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ പ്രധാനമന്ത്രിയും ബിഎൻപി ചെയർപേഴ്സണുമായ സിയയെ അഞ്ച് വർഷത്തെ തടവിന് ശിക്ഷിക്കുകയും അത് പിന്നീട് 10 വർഷമായി നീട്ടുകയും ചെയ്തു. തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കളെ യുദ്ധക്കുറ്റം ചുമത്തി ട്രിബ്യൂണൽ ശിക്ഷിക്കുകയും തൂക്കിലേറ്റുകയും ചെയ്തു. പ്രധാന പ്രതിപക്ഷമായ ബിഎൻപി തുടർച്ചയായി തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾ പതിവായി ഉപദ്രവിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ എതിരാളികൾക്കെതിരെ നിയമപരമായ വെല്ലുവിളികൾ ഉയർന്നു. കാലക്രമേണ രാജ്യത്ത് പ്രതിപക്ഷ രാഷ്ട്രീയത്തിനുള്ള ഇടം ചുരുങ്ങി.
എന്നാൽ ബംഗ്ലാദേശ് ജനതയുടെ വലിയൊരു വിഭാഗത്തിന്, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സ്ഥിരതയുടെ ചാലകശക്തിയായിരുന്നു ഹസീന. രാജ്യം സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്കും പ്രതിശീർഷ ജിഡിപിയിൽ കുതിച്ചുചാട്ടത്തിനും സാമൂഹിക സൂചകങ്ങളിൽ ഗണ്യമായ പുരോഗതിക്കും സാക്ഷ്യം വഹിച്ചു. ലോകബാങ്കിൻ്റെ കണക്കനുസരിച്ച്, അന്താരാഷ്ട്ര ദാരിദ്ര്യരേഖയുടെ അടിസ്ഥാനത്തിൽ 2010-ൽ 11.8% ആയിരുന്ന ദാരിദ്ര്യം 2022-ൽ 5.0 ശതമാനമായി കുറഞ്ഞു. എന്നാൽ കോവിഡ്-19 മഹാമാരിയും പിന്നീടുണ്ടായ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനും ശേഷം സമീപ വർഷങ്ങളിൽ രാജ്യത്തെ സാമ്പത്തികാവസ്ഥ വെല്ലുവിളികൾ നേരിട്ടു. സാമ്പത്തിക വളർച്ച മന്ദഗതിയിലായി. ഐഎംഎഫിൻ്റെ കണക്കനുസരിച്ച് ജിഡിപി വളർച്ച 2020ൽ 7.9 ശതമാനത്തിൽ നിന്ന് 3.4 ശതമാനമായി കുറഞ്ഞു. ഉക്രെയ്ൻ യുദ്ധം എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും വില കുതിച്ചുയരാൻ കാരണമായി. പണപ്പെരുപ്പം 10 ശതമാനമായി ഉയർന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന യുവജന തൊഴിലില്ലായ്മ നിരക്കുകളിലൊന്നാണ് രാജ്യം നേരിടുന്നത്. ഏകദേശം 20ശതമാനമാണ് ബംഗ്ലാദേശിലെ തൊഴിലില്ലായ്മ നിരക്ക്. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായതോടെ സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ കുറഞ്ഞു. ക്വാട്ട സമ്പ്രദായം പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് ഇതിനകം നിരാശരായ വിദ്യാർത്ഥികളെ ചൊടിപ്പിച്ചു. അടിസ്ഥാനപരമായി വലിയ തോതിൽ രാജ്യം നേരിടുന്ന തൊഴിലില്ലായ്മായാണ് സംവരണ വിരുദ്ധ പ്രക്ഷോഭത്തിലേക്ക് വിദ്യാർത്ഥികളെയും യുവാക്കളെയും നയിച്ചത്. ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധങ്ങൾക്ക് ആക്കംകൂട്ടി. ഇതോടെ രാജ്യത്ത് പ്രതിഷേധം ആളിപ്പടർന്നു. പ്രതിപക്ഷവും വിദ്യാർത്ഥികൾക്ക് ഒപ്പം ചേർന്നു. വിദ്യാർത്ഥി പ്രക്ഷോഭം പിന്നീട് വൈകാരിക രാഷ്ട്രീയ വിഷയമായും പിന്നാലെ സർക്കാർ വിരുദ്ധ സമരമായും മാറുകയായിരുന്നു.

വിദ്യാർത്ഥികളുടെ രോഷത്തിന്റെ ആഴവും രാഷ്ട്രീയ എതിരാളികളുടെ ശക്തിയും മനസ്സിലാക്കുന്നതിൽ ഹസീനയ്ക്ക് വീഴ്ചപറ്റി. അവർ പ്രതിഷേധക്കാരെ ‘റസക്കർമാർ’ എന്ന് വിളിച്ചു. ഇത് പ്രക്ഷോഭം ആളിക്കത്തിച്ചു. സ്വാതന്ത്ര്യസമരകാലത്ത് പാകിസ്ഥാൻ സൈനികരെ സഹായിച്ചവരെ പരാമർശിക്കാൻ ഉപയോഗിച്ച അവഹേളനപരമായ പദമാമായാണ് സമരക്കാർ ഈ വാക്കുകളെ അടയാളപ്പെടുത്തിയത്. അവിടെ, സ്വേച്ഛാധിപത്യ ഭരണാധികാരികൾ എല്ലായ്പ്പോഴും ചെയ്യുന്ന തെറ്റ് ഹസീനയും ആവർത്തിച്ചു. പ്രക്ഷോഭത്തെ അടിച്ചമർത്താൻ അമിതമായ ബലപ്രയോഗത്തെ ആശ്രയിച്ചു. അക്രമാസക്തരായ പ്രതിഷേധക്കാർക്ക് നേരെ പോലീസും അവാമി ലീഗ് പ്രവർത്തകരും അഴിഞ്ഞാടി. ഏറ്റുമുട്ടലിൽ ജൂലൈയിൽ മാത്രം പ്രതിഷേധക്കാരടക്കം 200 ഓളം പേർ കൊല്ലപ്പെട്ടു,
അതേസമയം, ആദ്യ റൗണ്ട് പ്രതിഷേധങ്ങൾക്ക് ശേഷം, ബംഗ്ലാദേശ് സുപ്രീം കോടതി ക്വാട്ട സമ്പ്രദായം പിൻവലിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ പിൻഗാമികൾക്കുള്ള സംവരണ പരിധി അഞ്ച് ശതമാനമാക്കി. വിദ്യാർത്ഥി പ്രക്ഷോഭം വിജയം കണ്ടുവെങ്കിലും സമരം പിൻവലിക്കാൻ അവർ തയ്യാറായില്ല. സംവരണ വിരുദ്ധ പ്രക്ഷോഭം സർക്കാർ വിരുദ്ധ പ്രക്ഷോഭമെന്ന നിലയിൽ വീണ്ടും ശക്തിപ്പെടുകയായിരുന്നു. ഹസീന രാജിവെയ്ക്കണമെന്നും 200-ലധികം പേരുടെ മരണത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യത്തിലേയ്ക്കും പ്രക്ഷോഭം വളർന്നു. ഒടുവിൽ പ്രക്ഷോഭകാരികൾ രാഷ്ട്രീയ ആവശ്യം നേടിയെടുക്കുന്നതിലും വിജയിച്ചു. ഹസീനയെ അനുകൂലിക്കുന്ന സൈനിക മേധാവി അവരുടെ രാജിക്കും സുരക്ഷിതമായി രാജ്യം വിടുന്നതിനുമുള്ള സാഹചര്യവും ഒരുക്കി.
ജനപ്രതിഷേധത്തിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുന്ന ദക്ഷിണേഷ്യയിലെ രണ്ടാമത്തെ നേതാവാണ് ഷെയ്ഖ് ഹസീന. 2022 ജൂലൈയിൽ, ശ്രീലങ്കൻ മുൻ പ്രസിഡൻ്റ് ഗോതബായ രജപക്‌സെ, സാമ്പത്തിക തകർച്ചയെ തുടർന്നുണ്ടായ വൻ പ്രതിഷേധങ്ങൾക്കിടയിൽ രാജിവെക്കാനും രാജ്യം വിടാനും നിർബന്ധിതനായി. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ലെങ്കിലും ഈ വർഷം അവസാനം വീണ്ടും പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ശ്രീലങ്ക. എന്നാൽ ബംഗ്ലാദേശിലെ സ്ഥിതി കൂടുതൽ പരിതാപകരമാണ്. വിദ്യാർത്ഥികളുടെ ശക്തമായ ആവശ്യത്തതുടർന്ന് നൊബേൽ ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിൽ ഒരു ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള തീരുമാനം കരസേനാ മേധാവി പ്രഖ്യാപിച്ചു. രാഷ്ട്രപതി പാർലമെൻ്റ് പിരിച്ചുവിട്ടു. മുൻകാലങ്ങളിൽ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തിരുന്ന പട്ടാള നേതൃത്വം നിലവിൽ എന്ത് നിലപാടെടുക്കും എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ ഒരു മാസമായി തുടർന്നുവന്ന ആഭ്യന്തര കലഹം നിയന്ത്രിക്കാൻ ഇടക്കാല സർക്കാർ നന്നേ പണിപ്പെടും. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും, അഹമദീയ മുസ്ലിം, അവാമി ലീഗ് അനുകൂലികൾക്കും എതിരെ വ്യാപക അതിക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ബംഗ്ലാദേശിലെ രാഷ്ട്രീയ രംഗം വെല്ലുവിളി നേരിടുമ്പോഴും അവാമി ലീഗ് ഒരു നിർണ്ണായക രാഷ്ട്രീയ ശക്തിയായി തുടരും. ഇതിനേക്കാളുപരി സാമ്പത്തിക അസ്തിരത പുതിയ സർക്കാരിന് കടുത്ത വെല്ലുവിളിയുമാകും. അതികഠിനമായ നാളുകളാണ് ഇനി ബംഗ്ലാദേശിന് മുന്നിലുള്ളത്.






