തൊണ്ണൂറു ശതമാനം സേവനങ്ങളും ഡിജിറ്റലാക്കി സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് കുതിച്ചു ചാടി സൗദി നിയമ മന്ത്രാലയം. 2022ലെ ഔദ്യോഗിക കണക്കുകളാണ് സൗദി നിയമന്ത്രാലയം ഡിജിറ്റല്‍ സേവനങ്ങളില്‍ മുന്‍ നിരയിലാണെന്ന് അറിയിച്ചത്. റിയാദില്‍ നടക്കുന്ന ഡിജിറ്റല്‍ ഗവൺമെന്റ് ഫോറത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടന്നത്. അടുത്ത വര്‍ഷം മുതല്‍ നിയമവകുപ്പിലെ എല്ലാവിധ സേവനങ്ങളും ഓണ്‍ലൈന്‍ മുഖേന ലഭ്യമാകും. ആളുകള്‍ക്ക് നേരിട്ട് കോടതിയെ സമീപിക്കേണ്ട ആവശ്യമില്ലാതാകുമെന്നും സൗദി നിയമമന്ത്രി വിശദമാക്കി.
അതെ സമയം ഇന്ന് തൊണ്ണൂറ് ശതമാനം സേവനങ്ങളും ഡിജിറ്റലൈസ് ചെയ്തതായി നിയമമന്ത്രി ഡോക്ടര്‍ വാലിഡ് അല്‍ സമാനി ചൂണ്ടിക്കാട്ടി. നിയമ സേവനങ്ങള്‍ തൊണ്ണൂറ് ശതമാനം ഡിജിറ്റലാക്കിയതോടെ അഞ്ചുദശലക്ഷത്തോളം റിമോട് ഹിയറിങ്ങാണ് കോടതിയില്‍ നടന്നത്. ഓണ്‍ലൈനായി രണ്ട് ദശലക്ഷം കോടതി വിധികള്‍ പുറത്തുവന്നതായും അല്‍സമാനി ചൂണ്ടിക്കാട്ടി. പന്ത്രണ്ട് ദശലക്ഷം ഇ-പവർ ഓഫ് അറ്റോര്‍ണിയും കോടതികളില്‍ നല്‍കപ്പെട്ടു. നിലവില്‍ സൗദി കോടതികളില്‍ ഓണ്‍ലൈന്‍ മുഖേന ഒരുമണിക്കൂറിനുള്ളില്‍ സ്വത്ത്കൈമാറ്റം സംബന്ധിച്ച തര്‍ക്കങ്ങളില്‍ തീര്‍പ്പുണ്ടാക്കും. സൗദിയില്‍ കോടതി വ്യവഹാരങ്ങളില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ വലിയ മാറ്റമാണ് കൊണ്ടുവരുന്നത്.