പ്രവാസികള്‍ക്ക് ഇനി ‘ആകാശ എയറി’ൽ പറക്കാം; ഖത്തറിൽ നിന്നും കേരളത്തിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിച്ചു

ഖത്തറിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പുതിയ വിമാന സർവീസുകൾ ആരംഭിച്ച് ആകാശ എയര്‍. കൊച്ചി-ദോഹ എയർപ്പോർട്ടുകൾ വഴി നാല് പ്രതിവാര വണ്‍-സ്‌റ്റോപ്പ് വിമാന സര്‍വീസുകളാണ് ആരംഭിച്ചത്. ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ കൊച്ചിയിൽ നിന്ന് 12.10ന് പുറപ്പെടുന്ന വിമാനം ദോഹയിൽ 7.40-ഓടെ എത്തുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ദോഹയിൽ നിന്ന് 8.40ന് പുറപ്പെടുന്ന വിമാനങ്ങൾ 11.20-ഓടെ കൊച്ചിയിൽ എത്തിച്ചേരും.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ വിനോദ സഞ്ചാര മേഖലയിലെ മികച്ച സാധ്യതകൾ കൂടി കണക്കിലെടുത്താണ് പുതിയ സർവീസുകൾ. ബിസിനസ്, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ യാത്രക്കാരാണ് ടൂറിസം മേഖലക്ക് ഈ കുതിപ്പ് നല്‍കുന്നത്.

2022 ഓഗസ്റ്റില്‍ ആരംഭിച്ച ആകാശ എയര്‍ 80 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കി കഴിഞ്ഞുവെന്ന് കമ്പനി അറിയിച്ചു. ദോഹ (ഖത്തര്‍), ഛദ്ദ (സൗദി അറേബ്യ), കൊച്ചി, ഡല്‍ഹി, മുംബൈ, അഹമദാബാദ്, ബംഗളൂരു തുടങ്ങി 24 നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് നിലവിൽ ആകാശ എയർ വിമാന സര്‍വീസുകള്‍ നടത്തി വരുന്നു.