തീർഥാടകർക്കായി തുറന്ന ശേഷം ആദ്യമായി ദീപാവലി ആഘോഷത്തിനൊരുങ്ങി അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം

തീർഥാടകർക്കായി തുറന്ന ശേഷം ആദ്യമായി ദീപാവലി ആഘോഷത്തിനൊരുങ്ങി അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം. ക്ഷേത്ര ദർശനത്തിനെത്തുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഒരാൾക്ക് പരമാവധി രണ്ടു മണിക്കൂർ ആയിരിക്കും ക്ഷേത്ര ദർശനത്തിന് അനുവദിക്കുകയെന്നും അധികൃതർ അറിയിച്ചു. ദീപാവലി ആഘോഷത്തിന് റെക്കോർഡ് സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവർക്കും മികച്ച രീതിയിൽ ക്ഷേത്ര ദർശനം നടത്താനും മറ്റു ചടങ്ങുകളിൽ പങ്കാളികളാകാനുമുള്ള അവസരം ഒരുക്കും.

ഒക്ടോബർ 31-ന് രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെയാണ് ദീപാവലി ആഘോഷവും പ്രത്യേക ചടങ്ങുകളും. നവംബർ രണ്ട്, മൂന്ന് ദിവസങ്ങളിലായി അന്നക്കൂട്ട് ദർശനം ഒരുക്കം. രണ്ടു ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 9 വരെയാണ് ചടങ്ങ്. വാഹനങ്ങൾക്ക് പ്രത്യേക പാർക്കിം​ഗ് കേന്ദ്രം ഒരുക്കുകയും അവിടെ നിന്നും ഷട്ടിൽ ബസ് സർവ്വീസ് ഏർപ്പെടുത്തുകയും ചെയ്യും. വലിയ ബാ​ഗുകൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ഹാൻഡ് ബാ​ഗിൽ ആഭരണങ്ങളും മൂർച്ചയുള്ള സാധനങ്ങളും പാടില്ലെന്നും അധികൃതർ നിർദ്ദേശിച്ചു. തിരക്ക് ഒഴിവാക്കാൻ ഒരാളെ രണ്ടു മണിക്കൂർ മാത്രമായിരിക്കും ക്ഷേത്രത്തിൽ ചെലിടാൻ അനുവദിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലം ക്ഷേത്രം പണിയാൻ യുഎഇ സർക്കാർ അനുവദിച്ചത്. പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പ്രഖ്യാപനം നടത്തിയത്. ശേഷം ഈ വര്ഷം ആദ്യം തീർത്ഥാടകർക്കായി തുറന്നു കൊടുക്കുകയായിരുന്നു. പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം ആണിത്. 700 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന് 1000 വർഷത്തെ ഉറപ്പുണ്ട് .പിങ്ക് മണൽക്കല്ലിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.