ദുബായ് ഹലാ ടാക്‌സി ബുക്കിങ് ഇനി വാട്‌സാപ്പ് മുഖേനയും

റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെയും കരീമിന്‍റെയും സംയുക്ത സംരംഭമായ ഹലാ ടാക്സി ബുക്കിംഗ് ഇനി വാട്സാപ്പ് വഴിയും. ഇതോടെ ദുബായില്‍ ടാക്‌സി ബുക്കിങ് കൂടുതല്‍ എളുപ്പമാവും. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംവിധാനം. കൂടുതല്‍ ആവശ്യക്കാരിലേക്ക് എത്താനും നഗരത്തിലെ വലിയ ഉപയോക്തൃ അടിത്തറയുമായി ഇടപഴകാനും വാട്സ്ആപ്പ് വഴിയുള്ള സേവനം തങ്ങളെ അനുവദിക്കുമെന്ന് ഹല സിഇഒ ഖാലിദ് നുസൈബി പറഞ്ഞു.

ചാറ്റ്‌ബോട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വാട്‌സ്ആപ്പ് വഴി പുതിയ ബുക്കിങ് സൗകര്യം പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ സന്ദേശം കൈമാറിയാല്‍ ചാറ്റ് ബോട്ട് യാത്രക്കാരൻ്റെ ലൊക്കേഷന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ക്യാബ് ബുക്ക് ചെയ്തതായി സ്ഥിരീകരിക്കുകയും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയവും അറിയാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് തത്സമയ യാത്രാ ലിങ്ക് അയച്ചുനല്‍കുകയും ചെയ്യും. ഇത് മറ്റാർക്കെങ്കിലും അയച്ചുനല്‍കാനും സാധിക്കും. ക്യാബിൻ്റെ നിരക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വഴി അടയ്ക്കാവുന്നതാണ്.

ദുബായ് നിവാസികള്‍ക്കായി 12,000 കാറുകളാണ് കമ്പനിക്ക് കീഴിലുള്ളത്. 24,000 ഡ്രൈവര്‍മാരുമുണ്ട്. വാട്ട്‌സാപ്പ് ബുക്കിംഗുകൾക്ക് പുറമേ, കരീം ആപ്ലിക്കേഷനിലൂടെ ഹാല ഇപ്പോഴും അതിൻ്റെ പതിവ് ബുക്കിംഗ് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.