വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് ഡയറക്ട് സ്‌ട്രീം വിസ (എസ്‌ഡിഎസ്) നിർത്തലാക്കി കാനഡ. എസ്‌ഡിഎസ് അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) അറിയിച്ചു. അപേക്ഷിച്ച് 20 ദിവസത്തിനുള്ളിൽ വിദ്യാർഥികൾക്ക് എസ്‌ഡിഎസ് വിസ ലഭിച്ചിരുന്നു. പ്രാദേശിക സമയം നവംബർ 8 വെള്ളി പകൽ 2 വരെ ലഭിക്കുന്ന എസ്‌ഡിഎസ് അപേക്ഷകൾ മാത്രമേ അംഗീകരിക്കൂവെന്ന് കാനഡ വ്യക്തമാക്കി. അതിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ സാധാരണ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ പോലെയാകും ഇനി പരിഗണിക്കുക.
വിദേശ വിദ്യാർഥികളുടെ പഠനാനുമതി അപേക്ഷകൾക്ക് അംഗീകാരം നൽകുന്നത് വേഗത്തിലാക്കാനായി ഇമിഗ്രേഷൻ റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) 2018ൽ ആരംഭിച്ചതാണ് സ്റ്റുഡൻ്റ് ഡയറക്ട് സ്ട്രീം. ഉയർന്ന അപ്രൂവൽ റേറ്റും പ്രൊസസിങ് സമയത്തിലെ വേഗതയുമായിരുന്നു എസ്ഡിഎസിൻ്റെ പ്രത്യേകത.
ഇന്ത്യയും ചൈനയും അടക്കമുള്ള 14 രാജ്യങ്ങളിലെ വിദ്യാർഥികൾക്കാണ് എസ്‌ഡിഎസ് വിസ ലഭിച്ചിരുന്നത്. 2018ലാണ് പദ്ധതി ആരംഭിച്ചത്. കൂടുതൽ വിദ്യാർഥികൾക്ക് വേഗത്തിൽ വിസ ലഭിച്ചിരുന്ന എസ്‌ഡിഎസ് പദ്ധതി നിർത്തലാക്കിയതോടെ ഇന്ത്യൻ വിദ്യാർഥികൾക്കടക്കം ഇനി ദൈർഘ്യമേറിയ വിസ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടി വരും. ഇന്ത്യയ്ക്ക് പുറമേ, ബ്രസീൽ, ചൈന, കൊളംബിയ, കോസ്റ്റ റീക്ക, മൊറോക്കോ, പാകിസ്താൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളായിരുന്നു എസ്ഡിഎസിൻ്റെ ഗുണഭോക്താക്കൾ. പ്രോഗ്രാം സമഗ്രത ശക്തിപ്പെടുത്തുക, വിദ്യാർഥികളുടെ ദുർബലത പരിഹരിക്കുക, എല്ലാ വിദ്യാർഥികൾക്കും തുല്യവും ന്യായവുമായ പ്രവേശനം നൽകുക എന്നിവ ചൂണ്ടിക്കാട്ടിയാണ് എസ്ഡിഎസ് നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം.