ആദ്യ ലോക്‌ഡൗൺ സമയത്ത് നാട്ടിലകപ്പെട്ടു പോയ പ്രവാസി സഹോദരങ്ങൾക്ക് തിരിച്ചു പോകാൻ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
കോവിഡ് മഹാമാരി കാലത്ത് തൊഴിലില്ലാതെ ദുരിതമനുഭവിച്ചവരാണ് നമ്മുടെ പ്രവാസി സഹോദരങ്ങൾ. ഫ്ലൈറ്റ് നിരക്ക് രണ്ടും മൂന്നും മടങ്ങ് കുത്തനെ കൂടിയ സാഹചര്യത്തിൽ ഇവരുടെ മടങ്ങിപ്പോക്കിന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ അനിവാര്യമായിരിക്കുന്നു. പ്രവാസി സഹോദരങ്ങളുടെ സുരക്ഷിതമായ പുനരധിവാസം രാജ്യത്തിന്റെ സമ്പദ്‌ഘടനയുടെ മുന്നോട്ടുപോക്കിന് കൂടി അത്യന്താപേക്ഷിതമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഫ്ലൈറ്റ് നിരക്ക് കുറയ്ക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.






