പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണം: ഡയസ്‌പോറ സമ്മിറ്റ് ഇൻ ഡൽഹി

സര്‍വ മേഖലകളിലും വികസനം സാധ്യമാക്കിയ പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്ന് ‘ഡയസ്പോറ ഇന്‍ ഡല്‍ഹിയുടെ’ ഭാഗമായി അബൂദബിയില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ അഭിപ്രായപ്പെട്ടു. ലോകം അതിവേഗം മാറുന്ന വര്‍ത്തമാനകാലത്ത് അരനൂറ്റാണ്ടു കാലമായി പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് മാത്രം മാറ്റം വരുന്നില്ലെന്ന് പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയരക്ടറുമായ സൈനുല്‍ ആബിദീന്‍ സെമിനാർ ഉത്ഘാടനം ചെയ്ത കൊണ്ട് പറഞ്ഞു. “പ്രവാസികളില്‍ നിന്നും ഈടാക്കുന്ന അമിത വിമാന നിരക്കിന്റെ കാര്യത്തിലും വോട്ടവകാശത്തിലും കോടതിയുടെ ശക്തമായ ഇടപെടലും നിര്‍ദേശങ്ങളുമുണ്ടായിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ മനോഭാവം പ്രതിഷേധാര്‍ഹമാണ്. ” അദ്ദേഹം പറഞ്ഞു.

വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്നതാണ് ‘ഡയസ്‌പോറ സമ്മിറ്റ് ഇൻ ഡൽഹി’യോടനുബന്ധിച്ചുള്ള മാധ്യമ സെമിനാർ. പ്രസിഡന്റ്് ഷുക്കൂര്‍ അലി കല്ലുങ്ങലിന്റെ അധ്യക്ഷയില്‍ നടന്ന സെമിനാറില്‍ അഷ്‌റഫ് പൊന്നാനി ആമുഖഭാഷണം നടത്തി. മാധ്യമ പ്രവര്‍ത്തകരായ എം സി എ നാസര്‍, എല്‍വിസ് ചുമ്മാര്‍, സഹല്‍ സി മുഹമ്മദ്, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി ഹിദായത്തുല്ല പറപ്പൂര്‍, യേശുശീലന്‍, ജോണ്‍ പി വര്‍ഗീസ്, എ എം അന്‍സാര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സി എച്ച് യൂസുഫ് സ്വാഗതവും ട്രഷറര്‍ അഹമ്മദ് ബല്ലാകടപ്പുറം നന്ദിയും പറഞ്ഞു.