മരണമുഖത്ത് നിന്നും നിമിഷാർദ്ധത്തിൽ ജീവിതത്തിലേക്ക്; വധശിക്ഷയ്ക്ക് തൊട്ടുമുൻപ് മകളുടെ കൊലയാളിക്ക് മാപ്പ് നൽകി പിതാവ്

ആരാച്ചാർക്ക് തന്റെ ജോലി നിർവഹിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതി കൊലക്കയറിനു മുന്നിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങി വരുന്നത് സിനിമകളിൽ മാത്രമാണ് കണ്ടു വരുന്നത്, എന്നാൽ യെമനിലെ പ്രധാന നഗരമായ ഏദനിലെ അല്‍മന്‍സൂറ സെന്‍ട്രല്‍ ജയില്‍ അത്തരം ഒരു സിനിമാറ്റിക് കാഴ്ചക്ക് സാക്ഷ്യം വഹിച്ച വാർത്തയാണ് അൽ ജസീറ പുറത്ത് വിട്ടിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലപാതക കേസിലെ പ്രതി ഹുസൈൻ ഫർഹറയാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ശിക്ഷ നടപ്പിലാക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് ഇബ്രാഹിം അല്‍ബക്‌രി തന്റെ മകളെ വെടിവെച്ച് കൊന്ന പ്രതിയ്ക്ക് മാപ്പ് നൽകിയത്. വധശിക്ഷയ്ക്ക് തൊട്ടുമുൻപ് മകളുടെ കൊലയാളിക്ക് മാപ്പ് നൽകുന്നതായി ഇബ്രാഹിം അൽ ബക്‌രി പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ വർഷത്തെ ബലിപെരുന്നാള്‍ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇബ്രാഹിം അല്‍ബക്‌രിയുടെ മകള്‍ ഹനീനെ പ്രതി ഹുസൈന്‍ ഹര്‍ഹറ വെടിവച്ചുകൊല്ലുകയായിരുന്നു. ഇബ്രാഹിമിന്റെ മറ്റൊരു മകൾ റാവിയക്ക് ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. അല്‍കുഥൈരി സ്ട്രീറ്റില്‍ ഇബ്രാഹിമിനൊപ്പം സഞ്ചരിക്കുകയായിരുന്നു മക്കളായ ഹനീനും റാവിയയും. യാത്രയിൽ ഇബ്രാഹിം അല്‍ബക്‌രി ഓടിച്ച കാര്‍ അല്‍കുഥൈരി സ്ട്രീറ്റില്‍ പ്രതിയായ ഹുസൈന്‍ ഹര്‍ഹറ ഓടിച്ച കാറില്‍ ഇടിച്ചതാണ് വെടിവയ്പ്പിലും മരണത്തിലും കലാശിച്ചത്.

വിചാരണകൾക്കൊടുവിൽ ഹുസൈൻ ഫർഹറക്ക് വധശിക്ഷ വിധിച്ചു. കോടതിയിൽ സമർപ്പിച്ച അപ്പീലുകളെല്ലാം തളളിയതോടെ ​ഓ​ഗസ്റ്റ് മൂന്നാം തീയതി ഹുസൈൻ ഫർഹറയുടെ ശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചു‌.പോയിന്റ് ബ്ലാങ്കിൽ വെടിവച്ചാണ് ഈയിടെ ശിക്ഷ നടപ്പാക്കുന്നത്. ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് കൊല്ലപ്പെട്ട ബാലിക ഹനിന്റെ പിതാവ് ഇബ്രാഹിം അൽ ബക്‌രി താൻ പ്രതിക്ക് നിരുപാധികം മാപ്പുനൽകുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.