ഖത്തറിന്റെ വ്യോമയാന ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് ദോഹ എഫ്‌ഐആര്‍ (ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയൻ) പ്രവര്‍ത്തനക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നിലവില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട കരാറില്‍ അയല്‍ രാജ്യങ്ങളായ സൗദി, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഒപ്പുവച്ചതോടെയാണിത്. ഇറാനുമായി കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സമാന കരാറില്‍ ഖത്തര്‍ ഒപ്പുവച്ചിരുന്നു. ഖത്തറിന് കൂടുതല്‍ വ്യോമ മേഖലാ പരിധി ലഭ്യമാവുന്ന ദോഹ എഫ്‌ഐആര്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് മുന്നോടിയായാണ് ഖത്തര്‍ വ്യോമാതിര്‍ത്തി പങ്കിടുന്ന ഈ മൂന്ന് അയല്‍ രാജ്യങ്ങളുമായി കരാറില്‍ ഒപ്പുവച്ചത്.
സെപ്തംബർ എട്ടിന് ദോഹ ഫ്ളൈറ്റ് ഇൻഫർമേഷൻ റീജിയൻ നിലവിൽ വരും.
മിഡിൽ ഈസ്റ്റിലെ വ്യോമയാന ചരിത്രത്തിലാദ്യമായാണ് ഖത്തറിന് പുതിയ വ്യോമാതിര്‍ത്തി നിര്‍ണയിച്ചു നല്‍കിക്കൊണ്ട് യുഎന്നിനു കീഴിലുള്ള വ്യോമയാന ഏജന്‍സി കഴിഞ്ഞ മാര്‍ച്ചില്‍ തീരുമാനം എടുത്തത്. ദോഹ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജ്യന് (ദോഹ എഫ്‌ഐആര്‍) വ്യോമയാന കാര്യങ്ങള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയായ ഇന്റര്‍നാഷല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) അംഗീകാരം നല്‍കുകയായിരുന്നു. ഇതോടെ അര്‍ഹമായ വ്യോമ മേഖലാ പരിധി നേടിയെടുക്കുന്നതിനുള്ള ഖത്തറിന്റെ വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടു. പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായാണ് മേഖലയിലെ വ്യോമാതിര്‍ത്തി പുനര്‍നിര്‍ണയിക്കപ്പെടുന്നത്. ദോഹ എഫ്‌ഐആര്‍ നിലവില്‍ വരുന്നതോടെ ഖത്തറിന്റെ നിലവിലുള്ള വ്യോമ പരിധി വികസിക്കും. യുഎഇ, ബഹ്‌റൈന്‍, ഇറാന്‍ മേഖലകളിലേക്ക് കൂടുതല്‍ പ്രദേശം ലഭിക്കുന്ന രീതിയിലാണ് പുതിയ എഫ്ഐആര്‍ നിലവില്‍ വന്നിരിക്കുന്നത്. ബഹ്‌റൈന്‍ നിലവിലുള്ള വ്യോമ മേഖലയില്‍ ഒരു ഭാഗം ഖത്തറിന് വിട്ടുനല്‍കുന്ന രീതിയിലാണിത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമപാതകളിലൊന്നിന്റെ നിയന്ത്രണം ഖത്തറിന് ഇതോടെ കൈവരും.






