സംഗീത ലോകത്തെ കുറിച്ച് പറയാൻ ഇളയരാജ നാളെ ഷാർജ പുസ്തക മേളയിൽ

ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ സംഗീതകാരൻ ഇളയ രാജ വെള്ളിയാഴ്ച ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ആസ്വാദകരുമായി സംവദിക്കും. തൻ്റെ സംഗീത യാത്രയെപറ്റി അദ്ദേഹം ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന ‘മഹാ സംഗീതജ്ഞന്റെ യാത്ര – ഇളയരാജയുടെ സംഗീത സഞ്ചാരം’ എന്ന പരിപാടിയിലാണ് അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീത യാത്രയെ പറ്റി ഇളയരാജ സംസാരിക്കുക.

ശാസ്ത്രീയ സംഗീതത്തിന് പുതിയ ഭാവുകത്വം നൽകിയ കർണാടക സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യനാണ് ഇളയരാജയുമായുള്ള സംവാദത്തിന് നേതൃത്വം നൽകുന്നത്. 2015 ഇൽ മദ്രാസ് സംഗീത അക്കാദമിയുടെ ‘സംഗീത കലാനിധി പട്ടം’ നേടിയിട്ടുള്ള സംഗീത പ്രതിഭയാണ് സഞ്ജയ് സുബ്രഹ്മണ്യം. ഇളയരാജയുടെ കടുത്ത ആരാധകൻ കൂടിയായ സഞ്ജയ് സുബ്രഹ്മണ്യൻ നേതൃത്വം നൽകുന്ന സംവാദ പരിപാടി ആസ്വാദകർക്ക് വിരുന്നായി മാറും.

ഒൻപത് ഭാഷകളിലായി 1428 സിനിമകൾക്ക് സംഗീതം പകർന്ന ഏക സംഗീതജ്ഞൻ എന്ന ലോക റെക്കോർഡ് ഇളയരാജക്ക് സ്വന്തമാണ്. 8500 ഗാനങ്ങൾക്ക് ഈണം പകർന്ന ഇളയരാജ ഇരുപതിനായിരത്തിലധികം കച്ചേരികൾ നടത്തിയിട്ടുണ്ട്. മികച്ച സംഗീത സംവിധായകനുള്ള നിരവധി കേന്ദ്ര-സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഇളയരാജയെ 2018 ഇൽ രാഷ്ട്രം പദ്മവിഭൂഷൺ നൽകി ആദരിച്ചു. ഈ വർഷത്തെ പുസ്തകമേളയിലെ സമാനതകളില്ലാത്ത ഒരു അനുഭവമായിരിക്കും ഇളയരാജക്കൊപ്പമുള്ള സംഗീത സാന്ദ്രമായ രണ്ട് മണിക്കൂർ നീളുന്ന പരിപാടി.