ഡിസംബര്‍ 15 വരെയുള്ള അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നീട്ടി വെച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). കൊവിഡിന്റെ പുതിയ വകഭേദം ‘ഒമിക്രോൺ’ വ്യാപകമായി ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നതെന്നും ഡി.ജി.സി.എ വ്യക്തമാക്കി.
‘ആശങ്കകള്‍ സൃഷ്ടിച്ച് പുതിയ വകഭേദങ്ങള്‍ വന്നതോടുകൂടി പുതിയ ആഗോള സാഹചര്യം കണക്കിലെടുത്ത്, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഷെഡ്യൂള്‍ ചെയ്ത വാണിജ്യ അന്താരാഷ്ട്ര പാസഞ്ചര്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം ഉചിതമായ സമയത്ത് അറിയിക്കും,’ ഡി.ജി.സി.എ അറിയിച്ചത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയ ആറ് യാത്രക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
2020 മാർച്ചിൽ കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് അന്താരാഷ്ട്ര വിമാന സർവീസ് നിർത്തലാക്കിയത്. എന്നാൽ, കഴിഞ്ഞ ജൂലായ് മുതൽ 28 രാജ്യങ്ങളിലേക്ക് ബബിൾ സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ പരിമിതതോതിൽ സർവീസുകൾ പുനരാരംഭിച്ചിരുന്നു.






