ആടു ജീവിതം എന്ന സിനിമയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നുവെന്നും സൗദി സമൂഹത്തോട് മാപ്പു പറയുന്നതായും ജോർദാനി നടൻ ആകിഫ് നജം. സൗദി ജനതയുടെ മനുഷ്യത്വവും ധൈര്യവും കാണിച്ചുതരുന്ന കഥാപാത്രമായതിനാലാണ് ചിത്രത്തിൽ അഭിനയിച്ചത്. എന്നാൽ ചിത്രം കണ്ടപ്പോഴാണ് ചിത്രത്തിലെ സൗദി വിരുദ്ധത മനസിലായതെന്നും ആകിഫ് നജം പറഞ്ഞു. കഥയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ആറിഞ്ഞിരുന്നെങ്കിൽ ചിത്രത്തിൽ അഭിനയിക്കില്ലായിരുന്നെന്നും ആകിഫ് നജം പറഞ്ഞു. ജോര്‍ദാന്‍ ജനതക്ക് സൗദി ഭരണാധികാരികളുമായും ജനങ്ങളുമായും സാഹോദര്യ, കുടുംബബന്ധങ്ങളുമുണ്ട്. ആടുജീവിതത്തില്‍ വേഷമിട്ടതിന് സൗദി ജനതയോട് ക്ഷമാപണം നടത്തുന്നതായും ആകിഫ് നജം പറഞ്ഞു.
അതെ സമയം സൗദി അറേബ്യ തനിക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ‘ആടുജീവിതം’ സിനിമയിൽ വില്ലൻവേഷംചെയ്ത ഒമാനി നടൻ താലിബ് അൽ ബലൂഷി. സൗദി അറേബ്യ പശ്ചാത്തലമാക്കി ഒരുക്കിയ ‘ആടുജീവിതം’ എന്ന ബ്ലെസി ചിത്രത്തിൽ ക്രൂരനായ അർബാബിന്റെ കഥാപാത്രം അവതരിപ്പിച്ചത് താലിബ് ആണ്. ഈ വേഷം കണക്കിലെടുത്ത് സൗദിയിൽ താലിബിന് വിലക്ക് ഏർപ്പെടുത്തിയെന്നാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
ബെന്യാമിന്റെ ബെസ്റ് സെല്ലർ പുസ്തകം ആടുജീവിതം നോവല്‍ സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. പൃഥ്വിരാജ് നായകനായ ആടുജീവിതം 82 കോടി രൂപയുടെ ബജറ്റിലാണ് ഒരുക്കിയതെന്ന വെളിപ്പെടുത്തിയിരുന്നു. ഇത്രയും ബജറ്റില്‍ ഒരുങ്ങിയ ചിത്രം കളക്ഷനിലും വൻ നേട്ടമുണ്ടാക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു.