അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

പ്രവാസി വ്യവസായിയും, ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. എൺപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അറ്റ്ലസ് ഗ്രൂപ്പ്‌ ചെയർമാൻ ആയിരുന്നു. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്. ഭാര്യ: ഇന്ദിര, മക്കള്‍ : ഡോ. മഞ്ജു, ശ്രീകാന്ത്.

മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്‍റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ സുപ്രസിദ്ധനായിരുന്നു എം എം രാമചന്ദ്രന്‍. നല്ല നിലയില്‍ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയില്‍ സംഭവിച്ച കോടികളുടെ കടബാധ്യത അറ്റ്ലസ് രാമചന്ദ്രനെ വലച്ചിരുന്നു. കടബാധ്യതകളെ തുടര്‍ന്ന് അദ്ദേഹം ജയില്‍ ശിക്ഷയും നേരിടേണ്ടി വന്നിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. പിന്നീട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും മറ്റും ഇടപെടലുകളിലൂടെ അദ്ദേഹം മോചിതനായി.

1981 ഡിസംബറിലാണ് അറ്റ്ലസ് രാമചന്ദ്രന്‍ ആദ്യത്തെ ജ്വല്ലറി തുടങ്ങിയത്. മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൌദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകള്‍ ഉണ്ടായിരുന്നു. 942 ജൂലൈ 31ന്​ തൃശൂരിൽ വി കമലാകര മേനോ​ന്‍റെയും എം എം രുഗ്​മിണി അമ്മയുടെയും മകനായാണ്​ എം എം രാമചന്ദ്രന്റെ ജനനം. വൈശാലി, സുകൃതം, ധനം,വാസ്തുഹാര, കൗരവർ, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡ്ഡിംഗ്, ടു ഹരിഹർ നഗർ,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സം‌വിധാനം ചെയ്തു. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിർമ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്.