കുവൈറ്റ് – സൗദി അറേബ്യ റെയിൽവേ പദ്ധതി; 2026ൽ നിർമാണ പ്രവർത്തികൾ ആരംഭിക്കും

നിര്‍ദ്ദിഷ്ട കുവൈത്ത് സൗദി റെയില്‍വേ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് 2026ഓടെ തുടക്കം കുറിക്കും. ഇരു രാജ്യങ്ങളിലെയും യാത്രക്കാര്‍ക്കും ചരക്ക് നീക്കത്തിനും സഹയകമാകുന്ന പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക സാധ്യത പഠന റിപ്പോര്‍ട്ട് പരസ്പരം അംഗീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പദ്ധതിക്ക് ആവശ്യമുള്ള സ്ഥലവും പാതയും പരിശോധിക്കുന്നതിനും തടസങ്ങൾ മനസിലാക്കി അവ പരിഹരിക്കുന്നതിനുമായി കുവൈത്തിന്റെയും സൗദി അറേബ്യയുടെയും പ്രതിനിധികൾ പരസ്പര സന്ദർശനങ്ങളും കുടിക്കാഴ്ചകളും നടത്തും. പ്രാരംഭ രൂപ കല്‍പന തയാറാകുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണ്. എത്രയും വേഗം തന്നെ അന്താരാഷ്ട്ര കമ്പനികള്‍ക്ക് മുമ്പില്‍ ടെണ്ടര്‍ നടപടിക്കുള്ള പ്രഖ്യാപനമുണ്ടാകുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.

നിര്‍ദിഷ്ട പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2026ല്‍ ആരംഭിക്കും. ഈ പദ്ധതിപൂര്‍ത്തിയാകുന്നതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം 3.300അധികമാണ്. ഏകദേശം 500കിലോമീറ്റര്‍ ആണ് ട്രെയിന്‍ സഞ്ചരിക്കുന്ന ദൂരം. ദിവസവും ശരാശരി ആറ് ട്രിപ്പുകള്‍ (അപ്പ് ആൻഡ് ഡൌൺ) ആണ് ഉണ്ടാവുക. ഒരുമണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് കൊണ്ട് കുവൈത്തില്‍ നിന്നും സൗദിയിലെ റിയാദില്‍ എത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പദ്ധതിനിര്‍മ്മാണം ആരംഭിച്ച് നാല് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

സുരക്ഷിതവും കാര്യക്ഷമവുമായ റെയില്‍വേ ഗതാഗതം കൈവരിക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഗതാഗത സംവിധാനം സുഗമമാക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇത് വര്‍ദ്ധിച്ച വ്യാപാര വിനിമയവും സാമ്പത്തിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുമെന്നും അധികൃതർ കരുതുന്നു.