കുവൈറ്റ് ദുരന്തം; ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും, സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി

കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ നാളത്തെ പരിപാടികൾ ഒഴിവാക്കി. ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളുമാണ് ഒഴിവാക്കിയത്. ജൂൺ 14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല. അതെ സമയം കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരളസഭ പരിപാടി മാറ്റിവെക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ചവരിലേറെയും മലയാളികളാണ്. മരിച്ചവരോടുള്ള ആദരസൂചകമായി ലോക കേരളസഭ മാറ്റിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ന് പുലർച്ചെ ആണ് കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മലയാളികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു പരിക്കേറ്റവരെ രാജ്യത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെ കെട്ടിടത്തില്‍ തീ ആളിപ്പടരുകയായിരുന്നു. . കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ഇന്ത്യൻ അംബാസഡറും സ്ഥലത്തെത്തിയിരുന്നു.