കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. പി സന്തോഷ്കുമാർ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.നോൺ മെട്രോ നഗരങ്ങളിൽ ഇന്ത്യൻ വിമാന കമ്പനികൾക്ക് കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നടത്താൻ അവസരം നൽകുകയാണ്. അതുകൊണ്ടാണ് കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ നൽകാത്തതെന്നാണ് സന്തോഷ്‌കുമാർ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രം നൽകിയ മറുപടി.
വിദേശ വിമാനങ്ങൾ ഒരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും അനുവാദം നൽകുന്ന പദവിയാണ് പിഒസി. ഇത് രാജ്യങ്ങൾ തമ്മിലുള്ള വ്യോമസേവന കരാറുകളെ അടിസ്ഥാനമാക്കിയിട്ടാണ് നൽകുന്നത്. ഇപ്പോഴും കണ്ണൂർ വിമാനത്താവളത്തിന് ഈ പദവി നൽകാൻ കേന്ദ്രം തയ്യാറായിട്ടില്ല.
അതെ സമയം കേന്ദ്ര സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് പി സന്തോഷ് കുമാർ എം പി പ്രതികരിച്ചു. “കേരളത്തെ നിരന്തരമായി അവഗണിക്കുന്ന കാഴ്ചപ്പാട് തന്നെയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. സംസ്ഥാനത്തിന്‍റെ വളർച്ച തടസ്സപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. വടക്കൻ കേരളത്തിലെ ജില്ലകൾ പുതിയ വികസന പാതകളും അവസരങ്ങളും കണ്ടെത്തുന്ന ഈ സാഹചര്യത്തിൽ പിഒസി പദവി നൽകുന്നതിലൂടെ ഈ പ്രക്രിയയ്ക്ക് വേഗത ലഭിക്കും” അദ്ദേഹം പറഞ്ഞു. സിപിഐ രാജ്യസഭാ നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ് അഡ്വ പി സന്തോഷ് കുമാർ.






