നോർക്ക – കാനറാ ബാങ്ക് ലോൺ ക്യാമ്പിൽ തിരികെ വന്ന പ്രവാസികൾക്ക് 10.5 കോടിയുടെ വായ്പകള്‍ക്ക് ശുപാർശ

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറ ബാങ്കും സംയ്യക്തമായിസംഘടിപ്പിച്ച ലോൺ ക്യാമ്പില്‍ 10.5 കോടി രൂപയുടെ വായ്പകൾക്ക് ശിപാര്‍ശ നൽകി. 114 പ്രവാസി സംരംഭങ്ങൾക്കായാണ് ഈ തുക ലഭിക്കുക. നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിപ്രകാരമാണ് വായ്പകള്‍ അനുവദിക്കുക.നൂറാടി റോസ് ലോഞ്ചിൽ നടന്ന ക്യാമ്പും, നടപ്പ് സാമ്പത്തികവര്‍ഷത്തെ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും മലപ്പുറം എംഎൽഎ പി.ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. സംരംഭകത്വ വായ്പ അനുവദിക്കുമ്പോള്‍ ബാങ്കുകള്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. നാടിന്റെ സർവതോന്മുഖമായ പുരോഗതിയിൽ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് പ്രവാസികൾ. പ്രവാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ഇവര്‍ക്ക് സ്വയം തൊഴിലും സംരംഭങ്ങളും തുടങ്ങുന്നതിനും മറ്റുമായി നോര്‍ക്ക റൂട്സ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ സംരംഭകത്വ സംസ്ഥാനമാക്കി മാറ്റുകയെന്നതാണ് വിവിധ പദ്ധതികളിലൂടെ സർക്കാറും നോർക്ക റൂട്സും ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച നോര്‍ക്ക റൂട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സംരംഭം എന്നത് ശൂന്യതയില്‍ നിന്നുണ്ടാകുന്നതല്ല. വ്യക്തമായ പഠനവും ശരിയായ തയ്യാറെടുപ്പുകളും ഇതിനാവശ്യമാണ്. സംരംഭകത്വത്തിന്റെ അടിസ്ഥാനതത്വങ്ങൾ അതേപോലെ തന്നെ നിലനില്ക്കുന്നുവെങ്കിലും പ്രവർത്തന തലങ്ങളിൽ സമൂലമായ മാറ്റം സംഭവിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കനറാ ബാങ്ക് ജനറല്‍ മാനേജരും എസ്.എല്‍.ബി.സി കണ്‍വീനറുമായ കെ.എസ് പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. അർഹമായ വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ എസ് എൽ.ബി. സി യുടെ ശ്രദ്ധയിൽ കൊണ്ടുവന്നാൽ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് അസി. പ്രൊഫസറും എന്‍.ഡി.പി.ആര്‍.ഇ.എം കോ ഓ ഓര്‍ഡിനേറ്ററുമായ ഡോ. അനില്‍ ബോധവത്കരണ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. നോര്‍ക്ക സി.ഇ.ഒ അജിത് കോളശ്ശേരി സ്വാഗതവും നോര്‍ക്ക റൂട്ട്സ് സെന്റര്‍ മാനേജര്‍ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതി പ്രകാരമാണ് ക്യാമ്പ് സംഘടപ്പിച്ചത്. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.