നോര്‍ക്ക-കേരളാബാങ്ക് ലോൺ മേള മലപ്പുറം പൊന്നാനിയില്‍; ഇപ്പോള്‍ അപേക്ഷിക്കാം

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2024 ജനുവരി 6 ന് മലപ്പുറം പൊന്നാനിയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പൊന്നാനി സി.വി ജംങ്ഷനിലെ ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ക്യാമ്പ് നോര്‍ക്കറൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം (NDPREM), പ്രവാസി ഭദ്രത പദ്ധതികള്‍ പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. പാസ്സ്‌പോർട്ടിന്റെ കോപ്പിയും,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ,ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. ഒരു ലക്ഷംരൂപ മുതൽ മുപ്പത് ലക്ഷം രൂപവരെയുള്ള സംരംഭകപദ്ധതിക്കാണ് ഇതുവഴി വായ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന, പലിശ സബ്സിഡിയും നോര്‍ക്ക റൂട്ട്സ് വഴി സംരംഭകര്‍ക്ക് നല്‍കിവരുന്നു. ഡിസംബര്‍ 19 ന് നിലമ്പൂരില്‍ നടന്ന വായ്‌പ്പാനിർണ്ണയ ക്യാമ്പില്‍ 7.26 കോടി യുടെയും ഡിസംബര്‍ 21 ന് തിരൂരില്‍ നടന്ന ക്യാമ്പില്‍ 4.99 കോടി യുടെയും വായ്പകള്‍ക്ക് ശിപാര്‍ശ നല്‍കിയിരുന്നു.

https://www.facebook.com/norkaroots.official/posts/764340925721198?cft[0]=AZWtfnWUivvA3sLJSEHALKghZNTf6Y3Zhf39vurgpDs5IpAjnDbOSNGbdNsra6Nn5ktDFUPcGcwq0bmBXdqmOmukI76UzXnVqQDwl2aPpZXtsbmaVyNbeiufjfHDEL0wJI5GLNVrtzYbncj2QHOFJFEsxQKhiRSPTsSjJF0Q0h2uO5i-4YII_bOBZ0Nv87AwYOS_N8HYoKQKf-XtQYBd2x23&tn=%2CO%2CP-R