നോര്‍ക്ക – കേരളബാങ്ക് പ്രവാസി വായ്പാ മേള: വയനാട്ടിൽ 130 സംരംഭങ്ങൾക്ക് വായ്പാനുമതി

വയനാട് ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാ മേളയിൽ 130 സംരംഭങ്ങൾക്ക് വായ്പാ അനുമതി നൽകി. സംരംഭവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതോടെ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി കേരള ബാങ്ക് ശാഖകൾ വായ്പ നൽകും. 158 അപേക്ഷകരാണ് വായ്പാ മേളയിൽ പങ്കെടുത്തത്. ആദ്യമായാണ് നോർക്ക കേരള ബാങ്കുമായി ചേർന്ന് വായ്പാമേള സംഘടിപ്പിക്കുന്നത്. നോർക്ക റൂട്ട്സ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരമാണ് വായ്പകൾ.

കേരള ബാങ്ക് വയനാട് സിപിസി കോൺഫറൻസ് ഹാളിൽ നടന്ന മേള ഡയറക്ടർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ ജനറൽ മാനേജർ സി അബ്ദുൽ മുജീബ് അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് കോഴിക്കോട് സെൻ്റർ മാനേജർ അബ്ദുൽ നാസർ വാക്കയിൽ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിന് വയനാട് സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ എൻ നവനീത് കുമാർ സ്വാഗതവും അസിസ്റ്റൻറ് ജനറൽ മാനേജർ എം പി നസീമ നന്ദിയും പറഞ്ഞു.