• inner_social
  • inner_social
  • inner_social

നോര്‍ക്ക റൂട്ട്‌സ് പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം നാളെ തിരുവനന്തപുരത്ത്

വിദേശ രാജ്യങ്ങളിൽ തൊഴിലന്വേഷിക്കുന്നവർക്ക് നിയമപരവും സുരക്ഷിതമായ കുടിയേറ്റ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് അവബോധം നൽകുന്നതിനുമായി നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം (PDOP) ജനുവരി 20 ന് തിരുവനന്തപുരം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജില്‍ (മെഡിക്കൽ കോളേജ്) നടക്കും.നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിന്‍സി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ലക്ഷ്മി എ..എസ് സ്വാഗതവും, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ റീച്ച് പ്രോഗ്രാമിന്റെ സംസ്ഥാന മേധാവി ഇന്ദു എസ് കുമാര്‍ നന്ദിയും പറയും. നോര്‍ക്ക റൂട്ട്‌സിനെ പ്രതിനിധീകരിച്ച് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്‌മെന്റ് മാനേജര്‍ ശ്യം. ടി.കെ എന്നിവരും പ്രോഗ്രാമില്‍ സംബന്ധിക്കും. കോഴിക്കോട് ഗവണ്‍മെന്റ് നഴ്‌സിങ് കോളേജില്‍ (മെഡിക്കൽ കോളേജ്) ജനുവരി 27 നാണ് പ്രോഗ്രാം.

പൊതുനിയമവ്യവസ്ഥകൾ, വിദേശ സംസ്കാരം, ജീവിതരീതികൾ, തൊഴിൽ നിയമങ്ങൾ, വിസ സ്റ്റാമ്പിങ്, തൊഴിൽ കുടിയേറ്റ നടപടികൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഏകദിന പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം നോർക്ക സംഘടിപ്പിച്ചു വരുന്നത്. നോർക്ക റൂട്ട്സിന്റെ ക്ഷേമപദ്ധതികൾ,സേവനങ്ങൾ, എന്നിവയെക്കുറിച്ച് അവബോധം നൽകാനും ഈ പരിപാടി സഹായിക്കുന്നു.

കേരളത്തിലെ വിവിധ നഴ്സിംഗ് കോളേജുകളിലാണ് ആദ്യഘട്ടമെന്ന നിലയിൽ പ്രീ ഡിപ്പാർചർ ഓറിയന്റേഷൻ പരിപാടികൾ നിലവിൽ ആരംഭിച്ചിട്ടുള്ളത്. ഇതുവരെ വിവിധ ജില്ലകളിലെ പത്തോളം നഴ്സിങ് കോളേജുകളിൽ നോര്‍ക്ക റൂട്ട്‌സിന്റെ പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ പിന്തുണയോടെയാണ് പരിശീലന പരിപാടി. വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള നടപടികളെപറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അക്കാദമിക് യോഗ്യതകൾ, സർട്ടിഫിക്കേഷനുകൾ, യോഗ്യതാ പരീക്ഷകൾ, ഭാഷാപരമായ ആവശ്യകതകൾ, ആവശ്യമായ പൊതു രേഖകൾ, തൊഴിൽ സാധ്യതകൾ, വിദേശത്തേക്ക് കുടിയേറുന്നതിന്റെ നേട്ടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.