നോര്‍ക്ക ട്രിപ്പിള്‍ വിന്‍ 500 പ്ലസ് ആഘോഷം സംഘടിപ്പിച്ചു; നേട്ടം അഭിമാനാര്‍ഹമെന്ന് പി. ശ്രീരാമകൃഷ്ണന്‍

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതി വഴി 528 നഴ്സുമാര്‍ ജര്‍മ്മനിയിലെത്തിയതിന്റെ ആഘോഷം സംഘടിപ്പിച്ചു. ജർമ്മൻ ഓണററി കോൺസൽ സംഘടിപ്പിച്ച ജർമ്മൻ ഐക്യദിനത്തിനും ബെർലിൻ മതില്‍ പതനത്തിൻ്റെ 35-ാം വാർഷികാഘോഷ ചടങ്ങിനുമൊപ്പമായിരുന്നു 500 പ്ലസ് ആഘോഷപരിപാടി. നോര്‍ക്ക റൂട്ട്സിന്റെ മികച്ച പിന്തുണയാണ് പദ്ധതിയുടെ വിജയത്തിനു പിന്നിലെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ബംഗലൂരുവിലെ ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ അച്ചിം ബുകാർട്ട് അഭിപ്രായപ്പെട്ടു. രണ്ടുവര്‍ഷത്തിനുളളില്‍ മികച്ച നേട്ടം കൈവരിക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗോയ്ഥേ സെന്ററിനേയും ബന്ധപ്പെട്ട എല്ലാവരേയും നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിനന്ദിച്ചു. മികച്ച വിദേശഭാഷാപഠനത്തിനായി എന്‍.ഐ.എഫ്.എല്‍ സാറ്റലൈറ്റ് സെന്ററുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ട്രിപ്പിള്‍ വിന്‍ പദ്ധതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. ഇതില്‍ നോര്‍ക്ക റൂട്ട്സിന് നേതൃത്വം നല്‍കാനായി എന്നത് ഏറെ അഭിമാനകരമാണ്. വ്യവസ്ഥാപിതമായ വിദേശ തൊഴില്‍ കുടിയേറ്റത്തിന്റെ മാതൃകയായി ട്രിപ്പിള്‍ വിന്‍ മാറിയെന്ന് ചടങ്ങില്‍ ആശംസകള്‍ അറിയിച്ച നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗോയ്ഥേ സെന്റര്‍ ചെയര്‍പേഴ്സണ്‍ ജി. വിജയരാഘവന്‍ സ്വാഗതവും, ജര്‍മ്മനിയുടെ കേരളത്തിലെ ഹോണററി കോണ്‍സല്‍ ‍ഡോ. സയിദ് ഇബ്രാഹിം നന്ദിയും പറഞ്ഞു. ജര്‍മ്മന്‍ ഭാഷാ പഠനകേന്ദ്രം കൂടിയായ ഗോയ്ഥേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രിപ്പിള്‍ വിന്‍, ജര്‍മ്മന്‍ ഭാഷാ വിദ്യാര്‍ത്ഥികളും മറ്റു പ്രമുഖരും സംബന്ധിച്ചു. ഇതിനോടനുബന്ധിച്ച് ജര്‍മ്മന്‍ ബാന്റായ അലാംടോ അവതരിപ്പിച്ച സംഗീതവിരുന്നും ശ്രദ്ധേയമായി.

2021 ഡിസംബറില്‍ ഒപ്പിട്ട ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 നഴ്സുമാര്‍ക്കാണ് ജര്‍മ്മനിയിലെ 12 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ രജിസ്ട്രേഡ് നഴ്സ് തസ്തികയില്‍ നിയമനം ലഭിച്ചത്. അഞ്ചുഘട്ടങ്ങളിലായി തിരഞ്ഞെടുത്ത 1400 പേരില്‍ ജര്‍മ്മന്‍ ഭാഷാപരിശീലനം തുടരുന്നവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജര്‍മ്മനിയിലേയ്ക്ക് തിരിക്കും. കേരളത്തില്‍ നിന്നുളള നഴ്സിംഗ് പ്രെഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരമൊരുക്കുന്നതിനായി നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള. ഗോയ്ഥേ സെന്ററുകളിലാണ് ബി 1 വരെയുളള ഭാഷാപരിശീലനം.