ആഗോള പ്രവാസി വിദ്യാര്‍ഥി സാഹിത്യമത്സരം: സമ്മാനവിതരണം നാളെ

മൂന്നാമത് ലോക കേരള സഭയോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്‌സും മലയാളം മിഷനും സംയുക്തമായി സംഘടിപ്പിച്ച ആഗോള പ്രവാസി വിദ്യാര്‍ഥി സാഹിത്യമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം സെപ്റ്റം. 27 ന് 3-ന് നടക്കും. കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനവും സമ്മാന വിതരണവും നിര്‍വ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായിരിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക സി.ഇ.ഒ. ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവർ വിശിഷ്ടാതിഥികളാകും.

പ്രവാസ ലോകത്തെ പുതു എഴുത്തുകാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തില്‍ ഗള്‍ഫ്, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രവാസ അനുഭവങ്ങളെ ആവിഷ്‌കരിക്കുന്നതിലൂടെ പുതിയ തലമുറ സമകാലിക മലയാള സാഹിത്യത്തില്‍ നവീനമായ ഭാവുകത്വം സൃഷ്ടിക്കുമെന്ന് അവാര്‍ഡ് ജൂറി വിലയിരുത്തി. മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാര്‍ അടങ്ങിയ ജൂറിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.
പരിപാടിയുടെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക പരിപാടിയില്‍ സൂരജ് സി.എം., ഹീന്‍സ് എം. പോള്‍ എന്നിവരുടെ വയലിന്‍ ഫ്യൂഷനും, ഒ.എന്‍.വി. കുറുപ്പിന്റെ ‘എന്റെ മലയാളം’ എന്ന കവിതയുടെ ആലാപനവും സംഘടിപ്പിക്കും.

മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, മലയാളം മിഷന്‍ രജിസ്ട്രാര്‍ വിനോദ് വൈശാഖി, നഗരസഭാ കൗണ്‍സിലര്‍ അഡ്വ. രാഖി രവികുമാര്‍, കോട്ടണ്‍ഹില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. ഗ്രീഷ്മ, ഹെഡ്മിസ്ട്രസ് പി.ബി. ഷാമി, എസ്.എം.സി. അധ്യക്ഷന്‍ ആര്‍. പ്രദീപ്, നോര്‍ക്ക വെല്‍ഫെയര്‍ബോര്‍ഡ് ഡയറക്ടര്‍ കെ സി സജീവ് തൈക്കാട്, മലയാളം മിഷന്‍ ഫിനാന്‍സ് ഓഫീസര്‍ സ്വാലിഹ എം വി എന്നിവരും പങ്കെടുക്കും.