സേവനത്തിനു ആദരം; സഫ മക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍ക്ക് സൗദി പൗരത്വം

സേവന മികവ് കണക്കിലെടുത്ത് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളെ പൗരത്വം നല്‍കി ആദരിച്ച് സൗദി അറേബ്യ. കശ്മീര്‍ ശ്രീനഗര്‍ സ്വദേശികളായ ഡോ. ഷമീം അഹമ്മദ് ഭട്ട്, ഡോ. ഷിറീന്‍ റാഷിദ് കബീര്‍ ദമ്പതികള്‍ക്കാണ് അപൂര്‍വ നേട്ടം സിദ്ധിച്ചത്. റിയാദിലെ സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചില്‍ നേത്രരോഗ വിദഗ്ധയായ ഡോ. ഷിറീന്‍ റാഷിദ് കബീര്‍, കിങ് സഊദ് മെഡിക്കല്‍ സിറ്റിയില്‍ കണ്‍സല്‍ട്ടന്റ് എമര്‍ജന്‍സി ഡെപ്യുട്ടി ചെയര്‍മാനായിരുന്ന ഡോ. ഷമീം അഹമ്മദ് ഭട്ട് എന്നിവരെയാണ് സൗദി പൗരത്വം നല്‍കി ആദിച്ചത് .

2023 ഒക്ടോബറില്‍ രാജ്യം പ്രീമിയം ഇഖാമ നല്‍കി ഇരുവരെയും ആദരിച്ചിരുന്നു. ഒരു വര്‍ഷം തികയുംമുമ്പാണ് ഇപ്പോള്‍ പൗരത്വവും ലഭിച്ചിരിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് രേഖകള്‍ നല്‍കിയത്. എന്നാല്‍ പൗരത്വം ലഭിച്ചത് വിസ്മയിപ്പിച്ചെന്ന് ദമ്പതികള്‍ പറഞ്ഞു.

സൗദി അറേബ്യയിലെ മലയാളികളിൽ വലിയൊരു വിഭാഗം ചികിത്സ സൗകര്യത്തിന് ആശ്രയിക്കുന്ന സഫ മക്ക മെഡിക്കൽ ഗ്രൂപ്പിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ പ്രവാസി സമൂഹത്തിനും ദമ്പതികളുടെ ഈ നേട്ടം ആഹ്ലാദം പകരുന്നതായി. ഡോ. ഷമീമിനും ഭാര്യ ഡോ. ഷിറീനുമൊപ്പം മക്കളായ ഫൈഹ ഷമീം, ഫിർസ ഷമീം എന്നിവർക്കും പൗരത്വം ലഭിച്ചു.