കേരളത്തിലെ പ്രവാസികളുടെ സമഗ്ര വിഷയങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു ദിവസം നീണ്ടു നിന്ന ഓവർസീസ് എംപ്ലോയേഴ്സ് കോൺഫറൻസ് സമാപന സമ്മേളനം കേരള നിയമസഭാ സ്‌പീക്കർ എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു. നിയമസഭയുടെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിയും നോർക്ക വെൽഫെയർ കമ്മിറ്റി ചെയർമാനുമായ എ സി മൊയ്‌തീൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ നോർക്ക റൂട്സ് സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി സ്വാഗതമാശംസിച്ചു.
സമയോചിതവും, സവിശേഷവുമായ ഇടപെടലാണ് കോൺഫറൻസ് എന്നും, ഒരു ചുവട് മുന്നിലാണ് നോർക്ക റൂട്സ് എന്നും സ്പീക്കർ അഭിനന്ദിച്ചു. തൊഴിൽ ലക്ഷ്യമാക്കി കുടിയേറുന്ന മലയാളിക്ക് ദിശാബോധം നൽകുന്നതിനും നിയമാനുസൃതമായ കുടിയേറ്റങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും കോൺഫറൻസിന് കഴിഞ്ഞു. കുടിയേറ്റത്തെ സംബന്ധിച്ച് കൂടുതൽ ആലോചനകൾ നടത്തേണ്ടതുണ്ട്. കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത് മാനവവിഭവ ശേഷിയാണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. നാലാം വ്യവസായ വിപ്ലവത്തിന്റെ ഫലം നേടാൻ കലഹരണപ്പെടുന്ന സ്കില്ലുകൾ കൊണ്ട് അത് നേടാൻ കഴിയില്ലെന്നും അതിനായി നിരന്തരമായ അപ്‌ഡേഷൻ ആവശ്യമാണെന്നും അതിന് ഇത്തരം കോൺഫറൻസ് സഹായകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാദമിക് സ്കില്ലിനൊപ്പം വൊക്കേഷണൽ സ്കില്ലും വളർത്തിയെടുക്കണമെന്നും, ലോകത്താകമാനം നടക്കുന്ന വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഭാഗമാകാൻ അത് അത്യന്താപേക്ഷികമാണെന്നും സ്‌പീക്കർ പറഞ്ഞു. വരാൻ പോകുന്ന മാറ്റാതെ മുൻകൂട്ടി കണ്ടു കൊണ്ട് മനുഷ്യവിഭവശേഷിയെ മെച്ചെപ്പെടുത്തിയെടുക്കുന്നതിനാവശ്യമായ ദീര്ഘവീക്ഷണമായ ഇടപെടലാണ് സർക്കാരും നോർക്കയും നടത്തുന്നതെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തു.
കേരളത്തെ ഏറ്റവും നല്ല തൊഴിൽ സംസ്കാരമുള്ള നാടാക്കി മാറ്റുന്നതിനുള്ള ക്രിയാത്മകമായി ഇടപെടാൻ കോൺഫറൻസിന് കഴിഞ്ഞെന്നും പ്രവാസി ലോകത്തിന് കോൺഫറൻസ് മുതൽക്കൂട്ടാകുമെന്നും എം എൽ എ പറഞ്ഞു.`