വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാറുകള്‍ എന്‍.ആര്‍.ഐ വോട്ട് നടപ്പിലാക്കും എന്ന് പറയുന്നതല്ലാതെ ഇതുവരേയും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. സുപ്രീംകോടതി വരെ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടും അത് യാഥാര്‍ഥ്യമായില്ലെന്നും പാര്‍ലമെന്റില്‍ ജനാര്‍ദ്ദനന്‍ സിംഗ് എന്ന അംഗത്തിന്റെ നിര്‍ബന്ധ വോട്ടിനുള്ള സ്വകാര്യ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു ഈ വിഷയം സംസാരിച്ചെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
പ്രവാസി വോട്ടവകാശം നടപ്പിലാക്കാന്‍ കഴിയാത്തത് ഖേദകരമായ ഒരു അവസ്ഥയാണ്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ഈ നാടിന്റെ പൗരന്മാരാണ് നാടിന്റെ സാമൂഹികവും സാമ്പത്തികമായ എല്ലാ കാര്യങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുന്നവരും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരുമാണ് അവര്‍ . ജീവിതമാര്‍ഗം തേടി വിദേശങ്ങളില്‍ പോയവരാണ് പ്രവാസികള്‍. എന്നാല്‍ ആ കാരണം കൊണ്ട് ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ വോട്ടവകാശം നിഷേധിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
നേരത്തെ ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം അനുവദിക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്ന് കേന്ദ്ര നിയമനീതിന്യായകാര്യമന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ അറിയിച്ചിരുന്നു. കെ. മുരളീധരൻ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഇലക്ഷൻ കമ്മിഷനുമായി ഈ കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.സുതാര്യവും കൃത്യവുമായ ഓൺലൈൻ വോട്ടിങ് സമ്പ്രദായമാണ് പരിഗണിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.






