യുഎഇയെ പ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിച്ച് യു എസ്

ജി സി സി രാഷ്ട്രമായ യുഎഇയെ പ്രതിരോധ പങ്കാളിയായി പ്രഖ്യാപിച്ച് അമേരിക്ക. പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങളും സുഡാൻ സംഘർഷങ്ങൾക്കിടയിലും യുഎസ്- യുഎഇ സൈനിക സഹകരണം വർധിപ്പിക്കാൻ തീരുമാനമായതെന്ന കാര്യം ശ്രാദ്ധേയമാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരത വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആണ് ഇന്ത്യക്കു ശേഷം രണ്ടാമത്തെ പ്രതിരോധ പങ്കാളിയായി അറബ് രാഷ്ട്രമായ യുഎഇയെ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നിയമിച്ചു.

നിർമിത ബുദ്ധി, ബഹിരാകാശ പര്യവേക്ഷണം, ഊർജ്ജം എന്നീ മേഖലകളിൽ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായുള്ള ഇടപ്പെടലുകൾ വർധിപ്പിക്കേണ്ടതിനെകുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. പശ്ചിമേഷ്യ, കിഴക്കൻ ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്ര മേഖല എന്നിവിടങ്ങളിലെ പ്രതിരോധ സഹകരണവും ഇരുവരും ഉറപ്പുവരുത്തി.

യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തിങ്കളാഴ്ചയാണ് വാഷിംഗ്ടണിലെത്തിയത്. 2022 ൽ അധികാരമേറ്റതിന് ശേഷമുള്ള പ്രസിഡൻ്റിൻ്റെ ആദ്യ ഔദ്യോഗിക യുഎസ് സന്ദർശനമാണിത്. ഷെയ്ഖ് മുഹമ്മദ് തൻ്റെ അമേരിക്കൻ പ്രതിനിധിയുമായും വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുക, വികസനം, പ്രതിരോധം എന്നിവ സംബന്ധിച്ചും ചർച്ചകൾ നടത്തി.