SPOILER ALERT
മലയാളത്തിൽ ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും ഗംഭീര സിനിമ. ഒരേ സമയത്ത് തന്നെ പല വായനകൾ സാധ്യമാകുന്ന വിധത്തിത്തിൽ പ്രേക്ഷകരെ എത്തിക്കുകയും അതിൽ തന്നെ വീണ്ടും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്ന സ്ക്രീൻപ്ലേയും മേക്കിങ്ങും വളരെ ബ്രില്ലിയൻറ് ആയി തോന്നി. സിനിമയുടെ പ്ലോട്ടും കഥാപാത്രങ്ങളും വസ്തുക്കളുമൊക്കെ ചേർന്ന് സിനിമയിലേക്കു കയറി പിന്നെ ഇറങ്ങുന്നവരെ ഹോണ്ട് ചെയ്യുന്ന അനുഭവമായിരുന്നു. അവസാനിക്കാത്ത അസ്വസ്ഥയാണ് സിനിമയുടെ ഭാഷ . മറവിയുടെ കയങ്ങളിൽ വീണു പോയ മനുഷ്യാവസ്ഥയും അതിനെ അതിജീവിക്കാൻ നടത്തുന്ന വിവിധ വഴികളും വിജയരാഘവന്റെ അപ്പു പിള്ളയിലൂടെ നമ്മെ പിന്തുടരുമ്പോൾ, ക്രൈമിനെയും അതിന്റെ അടിസ്ഥാനത്തിൽ ശിക്ഷയെയും കുറിച്ചുള്ള സങ്കല്പത്തെ പോപ്പുലർ സിനിമ വഴികളിൽ നിന്നും അട്ടിമറിക്കുന്നതു കാണാം. കുറ്റത്തെയും നീതിയെയുമൊക്കെ നമുക്ക് പരിചിതമല്ലാത്ത മറ്റൊരു ആംഗിളിൽ കൂടി സിനിമ നോക്കി കാണുന്നുണ്ട്.
സിനിമയെ ഇന്റർനാഷണൽ ലെവലിലേക്ക് വളർത്തുന്ന ബഹുമാനങ്ങൾ സാധ്യമാക്കുന്നതിൽ അഭിനേതാക്കളുടെ സൂക്ഷ്മതയും കയ്യടക്കവും വളരെ പ്രധാനമായിരുന്നു. അത് ഏറ്റവും ഭംഗിയായി വിജയരാഘവനും ആസിഫലിയും അപർണ്ണ ബലമുരളിയും നിർവഹിച്ചു.
തന്റെ മറവി രോഗത്തെ ആരെയും അറിയിക്കാതെ ജീവിക്കാൻ നിർബന്ധ ബുദ്ധിയുള്ളയാളാണ് വിജയരാഘവന്റെ അപ്പു പിള്ള. വളരെ സമർത്ഥമായി ജീവിതത്തിലെ പ്രധാന സംഭവങ്ങളെ സ്വന്തം രീതിയിൽ ഡോക്യുമെന്റ് ചെയ്യുകയ്യും അത് വെച്ച് കൊണ്ട് ഓർമ്മകൾ മങ്ങി പോയ ജീവിതത്തെ പരാജയപ്പെടാതെ തന്റെ ഇഷ്ടത്തിൽ ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു അദ്ദേഹം . ഒരു പാട് ദുരൂഹത പേറുന്ന പാത്ര സൃഷ്ടിയാണ്. വിജയരാഘവൻ അപ്പുപിള്ളയായി ജീവിക്കുകയായിരുന്നു.
ആസിഫലിയുടെ അഭിനയ ജീവിതത്തിലെ വെല്ലുവിളിയായ കഥാപാത്രത്തെ ഒരു പഴുതുമില്ലാതെ പൂർണ്ണതിയിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തുടക്കം മുതൽ എന്തോ മറച്ചു വെക്കുന്നതിന്റെ പരുങ്ങലും അതിൻറെ ആധിയുമൊക്കെ ഓരോ സീനിലും മുഖഭാവത്തിൽ കാണാം. ആ വീട്ടിലെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന എന്നാൽ അതൊന്നും പങ്കുവെക്കാതെ നമ്മൾ കാണുന്നതിൽ കൂടുതൽ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന അച്ഛനെ പോലെ തന്നെ അത്ര നോർമൽ അല്ലാത്ത അജയചന്ദ്രൻ.
തന്റെ മകൻ ചച്ചു മരിച്ചു എന്നും അത് എങ്ങിനെ എന്നറിയാമായിരുന്നിട്ടും പൊലീസ് അറിയിക്കുന്ന മിസ്സിംഗ് കേസുകളിൽ മകനെ തിരയാൻ പോയി വിങ്ങലോടെ തിരിച്ചു വരുന്ന അജയന്റെ ഓരോ ചലനങ്ങളൂം ആസിഫ് എത്ര വഴക്കത്തോടെ കൂടിയാണ് അഭിനയിച്ചു ഫലിപ്പിച്ചത് എന്ന് സിനിമ രണ്ടാമത് കണ്ടപ്പോൾ അത്ഭുതപ്പെട്ടു. ആ വീട്ടിലേക്ക് അജയചന്ദ്രന്റെ ഭാര്യയായി കടന്നു വരുന്ന അപർണ്ണ ബലമുരളിയുടെ അപർണ്ണ എന്ന കഥാപാത്രം. തിയേറ്ററും അന്വേഷണ ത്വരയും ബുദ്ധി കൂർമ്മതയുമൊക്കെയുള്ള ആ വീട്ടിൽ ആകെ നോർമ്മലായ ഒരേ ഒരാൾ. ഇൻവസ്റ്റിഗേഷൻ ഓഫീസറൊന്നും ഇല്ലാതെ തന്നെ മിസ്റ്ററി ത്രില്ലറിന്റെ ഉദ്വേഗത്തിലേക്ക് പ്രേക്ഷകനെ കൊണ്ട് പോകുന്നത് അപർണ്ണയാണ്.

കുട്ടിയുടെ തിരോധാനത്തിന് പിന്നിലുള്ള വസ്തുതകൾ ആസിഫിന്റെ അജയചന്ദ്രനിൽ നിന്ന് കേട്ടതിൽ പൂർണ്ണ തൃപ്തയായി കൊണ്ടാണ് അപർണ്ണ അന്വേഷണം അവസാനിപ്പിക്കുന്നത് എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല . മൊറാലിറ്റിയേക്കാൾ കൺസേർണിന് പ്രാധന്യം കൊടുക്കുന്ന അപ്പു പിള്ളയുടെ കുടുംബത്തിൻ്റെ പ്രത്യേയ ശാസ്ത്രത്തിലേക്ക് അപർണ്ണയും പരിണിമിക്കുകയായിരുന്നു. കുട്ടി എന്നോ മരിച്ചു മണ്ണായി എന്നറിയാമായിരുന്നിട്ടും അജയചന്ദ്രന്റെ കൂടെ കുട്ടിയെ തെരഞ്ഞു വീണ്ടും നാഗ്പൂരിലേക്ക് പോകുന്ന അപർണ്ണ കിഷ്കിന്ധ കാണ്ഡത്തിലെ നട്ടെല്ലാണ്. മനോഹരമായി അവരത് ചെയ്തു.
കഥയിലൊളിപ്പിച്ച സസ്പെൻസിലേക്ക് വരികയാണെങ്കിൽ കുട്ടി കൊല്ലപ്പെട്ടത് ചുരുങ്ങിയത് മൂന്ന് തരത്തിലിക്കുള സാധ്യതയിലേക്ക് സിനിമ വഴി തുറക്കുന്നുണ്ട്. ഒന്ന് ആസിഫിന്റെ കഥാപാത്രത്തിന് അപർണ്ണയോട് നിക്കക്കള്ളിയില്ലാതെ വെളിപ്പെടുത്തേണ്ടി വരുന്ന വളരെ പ്ലൈനായി തന്നെയുള്ള ഫ്ലാഷ് ബാക്കിൽ കാണിക്കുന്നത്.
വേറൊന്ന് ചച്ചുവിൻറെ മരണം അപ്പു പിള്ളയുടെ കയ്യിൽ നിന്ന് പറ്റിയതാവാം. കൈയബദ്ധം ആണെന്ന് തന്നെ ഉറപ്പിച്ചു പറയാൻ കഴിയില്ല. അങ്ങിനെ എങ്കിൽ സുമദത്തന്റെ ( ജഗദീഷ് ) സഹായത്തോടെ ബോഡി കത്തിച്ചു കളഞ്ഞതാവാം.അപർണ്ണ പറഞ്ഞത് പോലെ മറവിയെ അപ്പു പിള്ള തനിക്ക് സൗകര്യം പോലെ ഉപയോഗിക്കുന്നതും ആവാം. അജയചന്ദ്രന്റെ ആദ്യ ഭാര്യയുടെ ക്യാൻസർ ചികിത്സക്കിടെയുള്ള ഓട്ടത്തിനിടയിൽ കുറെ കാലം അപ്പു പിള്ളയും ചച്ചുവും മാത്രെമേ വീട്ടിൽ ഉണ്ടാവാറുള്ളൂ. അപ്പു പിള്ള ചച്ചുവിനോട് റഫായാണ് പെരുമാറുള്ളത്. മക്കളെ നോക്കാൻ ആവില്ലെങ്കിലും ഉണ്ടാക്കാൻ നിക്കരുത് എന്ന് പോലും അപ്പു പിള്ള പറയുന്നുണ്ട്. ഒരു ശല്യമായാണ് കുട്ടിയെ പിള്ള കണ്ടിരുന്നത്. അപ്പു പിള്ളയാണെങ്കിൽ ഒന്നിനോടും ടോളറേറ്റ് ചെയ്യാത്ത വ്യക്തിത്വത്തിനുടമയുമാണ്.
ചച്ചു ഭയങ്കര വികൃതി ആയിരുന്നു. എലിക്കെണി വെച്ച് കുരങ്ങനെ വരെ പിടിക്കാൻ നോക്കി എന്ന ആസിഫിന്റെ തന്നെ വിവരണത്തിൽ ചച്ചു എന്ത് മാത്രം വികൃതി ആയിരുന്നു എന്ന് സൂചനയുണ്ട്. അപ്പു പിള്ളയുടെ കയ്യിൽ നിന്നാണ് ചച്ചു മരിച്ചതെന്ന് അറിഞ്ഞാൽ അപർണ്ണ അടങ്ങിയിരിക്കില്ല എന്ന് അജയചന്ദ്രൻ മനസ്സിലാക്കി. അപർണയെ കൺവിൻസ് ചെയ്യിക്കാൻ തക്ക നുണ പറഞ്ഞു കൊണ്ട് അച്ഛനെ സമർത്ഥമായി രക്ഷിക്കുകയായിരുന്നു അജയചന്ദ്രൻ ചെയ്തെന്നു വേണെമെങ്കിൽ പൂരിപ്പിക്കാൻ പറ്റും അല്ലെങ്കിൽ അജയചന്ദ്രന്റെ കയ്യിൽ നിന്ന് പറ്റിയ അബദ്ധം ആവാം . അപ്പുപിള്ളയുടെ അറിവയോടെയും സഹായത്തോടെയും ബോഡി മറവ് ചെയ്യുന്നു. അച്ഛനായ അപ്പുപിള്ളയെ ഒരു വാക്കുകൊണ്ടെങ്കിലും കുറ്റപ്പെടുത്താതെ അങ്ങേയറ്റം സംരക്ഷിക്കുന്ന അജയചന്ദ്രന്റെ ശരീര ഭാഷയിൽ ഒരു കയ്യബദ്ധത്തിന്റെ കുറ്റബോധവും അത് മറക്കാനുള്ള വ്യഗ്രതയും സൂക്ഷ്മമായി നോക്കിയാൽ വായിച്ചെടുക്കാം. മുരടനായ അച്ഛനോടുള്ള കരുതലിനുള്ള കാരണവും അതാവാം.