• inner_social
  • inner_social
  • inner_social

പ്രധാനമന്ത്രിയുടെ യു എ ഇ, ഖത്തർ സന്ദർശനം മാറ്റിവെച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ, ഖത്തർ സന്ദർശനം മാറ്റിവെച്ചു. അടുത്തയാഴ്ച (ജനുവരി 6 മുതൽ) നടത്താനിരുന്ന സന്ദർശനമാണ് മാറ്റിയത്. രാജ്യത്ത് ഒമിക്രോൺ ഭീഷണി രൂക്ഷമായ സാഹചര്യത്തിലാണ് യാത്ര മാറ്റിവെച്ചത്. മാറ്റിവെച്ച യാത്ര ഇനി എപ്പോളാണ് ഉണ്ടാവുകായെന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകിയിട്ടില്ല. യു എ ഇയിലെയും, ഖത്തറിലെയും പ്രമുഖ നേതാക്കളെ പ്രധാനമന്ത്രി ഈ യാത്രയിൽ സന്ദർശിക്കുമെന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നു. യൂറോപ്പും, അമേരിക്കയും, ഗൾഫ് രാജ്യങ്ങളും ഇതിനോടകം വ്യോമ സർവീസുകൾ വെട്ടിക്കുറക്കുകയും, രാജ്യങ്ങൾക്കകത്ത് വലിയ നിയന്ത്രങ്ങൾ കൊണ്ട് വരികയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ കോവിഡ് കേസുകളുടെ എണ്ണം 11 ശതമാനം വർധിച്ചെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഒമിക്രോണിൻറെ അപകട സാധ്യതയെ കുറിച്ചും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ഡെൻമാർക്കിലുമാണ് റിപ്പോർട്ട് ചെയ്തത്.

അതെ സമയം ഡൽഹിയിൽ ഒമിക്രോൺ വകഭേദമടക്കം കോവിഡ്‌ വ്യാപനം കൂടുന്നതിനാൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകളും കോളജുകളും അടച്ചു. കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തന അനുമതി. റസ്റ്ററന്റുകളിലും മെട്രോ ട്രെയിനിലും പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. സ്വകാര്യ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക്‌ മാത്രമാണ്‌ അനുമതി.

സ്വിമിങ് പൂള്‍, ജിം, തീയറ്റര്‍ എന്നിവ അടച്ചു. മാളുകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാക്കി. വിവാഹത്തില്‍ ആളുകള്‍ പങ്കെടുക്കുന്നതിനും നിയന്ത്രണമുണ്ട്.