US
  • inner_social
  • inner_social
  • inner_social

പെഗാസസ് നിർമാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തി അമേരിക്ക

ചാര സോഫ്റ്റ്‌വെര്‍ പെഗാസസിന്റെ സൃഷ്ടാക്കളായ ഇസ്രഈലി കമ്പനി എന്‍.എസ്.ഒയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പെടുത്തി. മാധ്യമപ്രവര്‍ത്തകരേയും ആക്ടിവിസ്റ്റുകളേയുമടക്കം ഉന്നം വെച്ചുകൊണ്ട് ദുരുദ്ദേശത്തോടെ അവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ചാര സോഫ്റ്റ്‌വെയറായ പെഗാസസ് നിര്‍മിക്കുകയും അത് വിദേശ രാജ്യങ്ങള്‍ക്ക് കൈമാറുകയും ചെയ്തു എന്ന കുറ്റത്തിനാണ് കമ്പനിയെ ബൈഡന്‍ ഭരണകൂടം ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രസ്താവന യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുറത്തുവിട്ടത്. അമേരിക്കയുടെ വിദേശ നയത്തിനും ദേശീയ സുരക്ഷാ നയത്തിനും എതിരായി പ്രവര്‍ത്തിച്ച നാല് കമ്പനികളെ പുതുതായി പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും അതിലൊന്നാണ് എന്‍.എസ്.ഒയെന്നും പ്രസ്താവനയില്‍ പറയുന്നു. പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന വിധം ഏകാധിപത്യ ഭരണരീതിയ്ക്ക് വിദേശ രാജ്യങ്ങളെ സഹായക്കും വിധം പെഗാസസ് പ്രവര്‍ത്തിച്ചു എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ”ഇത്തരം കാര്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് ഭീഷണിയായിത്തീരും,” യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പറഞ്ഞു.

അതെ സമയം പട്ടികയിലുള്ള കമ്പനികള്‍ക്ക് ഇനി അമേരിക്കന്‍ നിര്‍മിതമായ യാതൊരു സാങ്കേതിക വിദ്യയും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കയറ്റുമതി ചെയ്യാന്‍ സാധിക്കില്ല.