അമേരിക്കയുടെ കോവിഡ് വാക്സിനേഷന്‍ സംഭാവന 100 കോടി ഡോസായി വർധിപ്പിക്കുന്നു

കോവിഡ് 19 വ്യാപനത്തെ തടയുവാനുള്ള വാക്സീന്‍ വാങ്ങുന്നതിള്ള സാമ്പത്തിക പ്രശ്നംമൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രാജ്യങ്ങള്‍ക്കു സൗജന്യമായി 100 കോടി ഡോസ് അമേരിക്കന്‍ നിര്‍മ്മിത വാക്സീൻ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കഴിഞ്ഞ ബുധനാഴ്ച നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി ഉന്നതതല സമ്മേളനത്തിലാണ് പ്രഖ്യാപനം. ഒരു വര്‍ഷത്തിനുള്ളില്‍തന്നെ വാഗ്ദാനം ചെയ്ത 100 കോടി ഡോസും ദരിദ്ര രാജ്യങ്ങളിലേക്കു കയറ്റി അയക്കും. പരിമിതമായ പരിശ്രമത്താലോ നിയന്ത്രണത്താലോ ഭൂതലം മുഴുവന്‍ വ്യാപിച്ച കോവിഡ്-19 പകര്‍ച്ചവ്യാധി ദൂരീകരിക്കുക അസാധ്യമെന്നും സമ്പന്നരാജ്യങ്ങള്‍ കൂടുതല്‍ വാക്സീന്‍ ഡോസ് വാങ്ങി ശേഖരിക്കാതെ സാമ്പത്തിക പ്രതിസന്ധിയിലുള്ള രാജ്യങ്ങള്‍ക്ക് ആവശ്യാനുസരണം വാങ്ങുവാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ബൈഡൻ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

പ്രസിഡന്‍റ് ബൈഡന്‍റെ യുഎന്‍ സമ്മേളനത്തിലെ പ്രഖ്യാപനങ്ങള്‍ അമേരിക്കന്‍ ജനതയും വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികളും ഇതിനോടകം സർവാത്മനാ സ്വാഗതം ചെയ്തിട്ടുണ്ട്. അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള താലിബാൻ പിന്മാറ്റം അടക്കമുള്ള വിഷയങ്ങളിൽ ബൈഡന്റെ ജനപ്രീതി ഇടിഞ്ഞു എന്ന പ്രചാരണത്തിന് മറുപടി നൽകാൻ ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടും എന്നാണു ബൈഡൻ അനുകൂലികൾ കരുതുന്നത്.