US
  • inner_social
  • inner_social
  • inner_social

അച്ഛനെയും, രണ്ടാനമ്മയെയും, സഹോദരനെയും വെടിവെച്ചു കൊന്നു; യു എസ്സിൽ 22കാരൻ അറസ്റ്റിൽ

യു എസ്സിൽ കൊലപാതകക്കേസിൽ 22 കാരന്‍ പിടിയിലായി. അച്ഛനെയും, രണ്ടാനമ്മയെയും, സഹോദരനെയും വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് ബ്രയാന്‍ ക്രോസ്മാന്‍ ജൂനിയര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ വെര്‍മോണ്ടിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നു പേരെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാവ്ലെറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബ്രയാന്‍ ക്രോസ്മാന്‍ സീനിയര്‍ (46), ഭാര്യ എറിക്ക ക്രോസ്മാന്‍ (41), കോളിന്‍ ടാഫ്റ്റ് (13) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളിന്‍ ടാഫ്റ്റിന്റെ രണ്ടാനാച്ഛനാണ് മരിച്ച ബ്രയാന്‍ ക്രോസ്മാന്‍ സീനിയര്‍. ബ്രയാൻ ക്രോസ്മാൻ സീനിയറിന് തലയിലും ശരീരത്തിലും വെടിയേറ്റത്. എറിക്ക ക്രോസ്മാന്റെ തലയിലും, കോളിൻ ടാഫ്റ്റിന് ഒന്നിലേറെ വെടിയെറ്റുവെന്നും പൊലീസ് അറിയിച്ചു.

ക്രോസ്മാന്‍ ജൂനിയറെ കൊലപാതകവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതകക്കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത് എങ്കിലും കൊലപാതകത്തിനുള്ള കാരണം അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.