അനധികൃതമായി തോക്ക് കൈവശം വെച്ച കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരൻ. ഡെലവേറിലേ ഫെഡറൽ കോടതിയിലെ ജൂറിയാണ് മൂന്ന് ചാർജുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. ശിക്ഷ പിന്നീട് വിധിക്കും. 2018 ൽ നിയമ വിരുദ്ധമായി റിവോൾവർ കൈവശം വാങ്ങി വച്ചതും ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
ഹണ്ടർ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ, അദ്ദേഹം ലഹരിയിൽ നിന്ന് വിമുക്തി നേടാൻ സമയം അനുവദിക്കണമെന്ന് പ്രതിഭാഗവും വാദിച്ചു. വിൽമിംഗ്ടണിലെ ഫെഡറൽ കോടതിയിൽ ഹണ്ടർ ബൈഡന് ഹാജരാകേണ്ടി വന്നത് പ്രശസ്തനായ പിതാവ് കാരണമല്ലെന്നും മറിച്ച് സ്വന്തം പ്രവർത്തികളുടെ ഫലമായിട്ടാണെന്നും പ്രോസിക്യൂട്ടർമാർ വാദിച്ചു. മൂന്ന് കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 25 വര്‍ഷം വരെ തടവും 750,000 ഡോളര്‍ പിഴയും ലഭിക്കും.
അതെ സമയം ലഹരിക്ക് അടിമയെന്ന് മറച്ചുവച്ച് തോക്ക് വാങ്ങിയതായ കേസിൽ കുറ്റം തെളിഞ്ഞാൽ മകൻ ഹണ്ടറിന് മാപ്പ് നൽകില്ലെന്ന് ജോ ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബറിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഹണ്ടറിന് എതിരെയുള്ള കേസുകൾ ബൈഡനെതിരായ ആയുധമാക്കുകയാണ് റിപ്പബ്ലിക്കൻ പാർടിയും ഡോണൾഡ് ട്രംപും. ഈ സാഹചര്യത്തിൽ കോടതി വിധി യു എസ്സിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ സങ്കീർണമായേക്കും.






