അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സര്‍വേകളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനു മേൽക്കൈ. ചിക്കാഗോ സര്‍വകലാശാലയിലെ നോര്‍ക് സംഘടിപ്പിച്ച സര്‍വേയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 38 പോയിന്റിന് മുന്നിലാണ് കമല. ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരമുള്ളത്. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി കമല ഹാരിസ് ജോ ബൈഡന് പകരം എത്തിയ ശേഷമുള്ള ഈ വിഭാഗത്തിലെ ആദ്യ സർവേ കൂടിയാണിത്.
ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് ഇടയിൽ കമല ഹാരിസിന്റെ ജനപ്രീതി കുതിച്ചുയർന്നതായി സൂചിപ്പിക്കുന്ന സർവേ ഫലം കൂടിയാണിത്.
ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി കമല ഹാരിസ് ജോ ബൈഡന് പകരം എത്തിയ ശേഷമുള്ള ഈ വിഭാഗത്തിലെ ആദ്യ സർവേ കൂടിയാണിത്. ജൂലൈയിലാണ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് അറിയിച്ചത്. അനാരോഗ്യവും ട്രംപുമായി നടത്തിയ സംവാദത്തിൽ മോശം പ്രകടനവും എല്ലാം ബൈഡൻ പിന്മാറാനുള്ള കാരണങ്ങളായി വിലയിരുത്തുന്നു. തുടർന്നാണ് കമല ഹാരിസ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തീരുമാനിക്കപ്പെട്ടത്.
നേരത്തെ ബൈഡൻ മത്സര രംഗത്തുണ്ടാവുമെന്ന് കരുതിയ സമയത്ത് പുറത്തുവിട്ട സർവേയിൽ 15 ശതമാനം പേരുടെ പിന്തുണയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെങ്കിൽ ഈ ലീഡ് 38 ആക്കി ഉയർത്താൻ കമൽ ഹാരിസിന് കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഏഷ്യൻ അമേരിക്കൻ വോട്ടർമാരിൽ 66 ശതമാനവും കമല ഹാരിസിന് വോട്ട് ചെയ്യുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. എന്നാൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞത് കേവലം 28 ശതമാനം പേർ മാത്രമാണ്. ശേഷിക്കുന്ന ആറ് ശതമാനം പേർ ഇവരല്ലാതെ മറ്റൊരാൾക്ക് വോട്ട് ചെയ്യുമെന്നോ അതല്ലെങ്കിൽ ആര് വേണമെന്ന് തീരുമാനിക്കാത്തവരോ ആണ്.






