US
  • inner_social
  • inner_social
  • inner_social

വീശിയടിച്ച് മില്‍ട്ടണ്‍; മിന്നല്‍ പ്രളയം, യു എസ്സിൽ ഇരുട്ടിലായത് 20 ലക്ഷം വീടുകള്‍,

സെൻട്രല്‍ ഫ്ലോറിഡയില്‍ നിരവധി വീടുകള്‍ തകർത്തും 20 ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് വൈദ്യുതി ഇല്ലാതാക്കിയും മില്‍ട്ടണ്‍ കൊടുങ്കാറ്റ്. ആളപായമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭ്യമായിട്ടില്ല. പ്രാദേശിക സമയം രാത്രി എട്ടരയോടെയായിരുന്നു കൊടുങ്കാറ്റ് ഫ്ലോറിഡയിലെത്തിയത്. 105 മൈല്‍ വേഗതയില്‍ തീരപ്രദേശങ്ങളില്‍ കാറ്റ് ആഞ്ഞടിക്കുന്നതിനൊപ്പം കനത്ത മഴയും തുടരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി.

മില്‍ട്ടണ്‍ കരതൊട്ടതിന് തൊട്ടുപിന്നാലെ ഫ്ലോറിഡയില്‍ മിന്നല്‍ പ്രളയമുണ്ടായി. റ്റാമ്പ, സെന്റ്. പീറ്റേഴ്‌സ്ബർഗ്, ക്ലിയർവാട്ടർ എന്നീ മേഖലകളിലാണ് വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെന്റ്. പീറ്റേഴ്‌സ്ബർഗില്‍ നിലവില്‍ 422 മില്ലി മീറ്റർ മഴയാണ് ലഭിക്കുന്നത്. ആളപായറിപ്പോർട്ടുകളുള്ള പശ്ചാത്തലത്തില്‍ രക്ഷാപ്രവർത്തന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തില്‍ കടുത്ത നാശം വിതച്ച ഹെലന്‍ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പാണ് ഫ്‌ളോറിഡയില്‍ മില്‍ട്ടണ്‍ ഭീതി വിതക്കുന്നത്. വടക്കന്‍ കരോലീന, തെക്കന്‍ കരോലീന, ജോര്‍ജിയ, ഫ്‌ളോറിഡ, ടെന്നസി, വെര്‍ജീനിയ എന്നിവിടങ്ങളില്‍ ഹെലന്‍ വ്യാപക നാശം വിതച്ചിരുന്നു. 230 ലേറെയാളുകളാണ് മരിച്ചത് .ഫ്‌ളോറിഡ മുതല്‍ വിര്‍ജീനിയ വരെ കനത്ത വെള്ളപ്പൊക്കത്തിനും കാരണമായി.

നൂറ്റാണ്ടുകണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റായിരിക്കും മില്‍ട്ടനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മില്‍ട്ടണ്‍ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലും ഫ്ലോറിഡയില്‍ കഴിഞ്ഞ ദിവസം തന്നെ അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയാറായില്ലെങ്കില്‍ മരണമായിരിക്കും തേടിയെത്തുക എന്നായിരുന്നു മുന്നറിയിപ്പ്. ഫ്ലോറിഡയിലെ 67 കൗണ്ടികളില്‍ 51 എണ്ണത്തിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.