ശതകോടീശ്വരൻ ജെറെഡ് ഐസക്മാനെ നാസയുടെ തലപ്പത്തേക്ക് തെരഞ്ഞെടുത്ത് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെപ്റ്റംബറിൽ സ്‌പേസ് എക്‌സ് ദൗത്യത്തിനിടെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്തത്തിന് നേതൃത്വം നൽകിയയാളാണ് 41-കാരനായ ജെറെഡ് ഐസക്മാൻ. ബഹിരാകാശത്തു നടന്ന ശാസ്ത്രജ്ഞനല്ലാത്ത ആദ്യയാളും ഓൺലൈൻ പണമിടപാടുസ്ഥാപനമായ ഷിഫ്റ്റ്4 പേമെന്റ്സിന്റെ സഹസ്ഥാപകനുമാണ് ജെറെഡ് ഐസക്മാൻ.
ബുധനാഴ്ച സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പ്രമുഖ ബിസിനസുകാരനും ജീവകാരുണ്യപ്രവർത്തകനും പൈലറ്റും ബഹിരാകാശയാത്രികനുമാണ് ഐസക്മാനെന്ന് അദ്ദേഹത്തെ നാമനിർദേശം ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. നാസയുടെ അഡ്മിനിസ്ട്രേറ്ററായാകും ജെറെഡ് ഐസക്മാനെ നിയമിക്കുക. നിലവിലെ അഡ്മിനിസ്ട്രേറ്ററും മുൻ ഫ്ലോറിഡ ഡെമോക്രാറ്റിക് സെനറ്ററുമായ ബിൽ നെൽസണെ നീക്കിയാണ്ഡി ജെറെഡിനെ നിയമിക്കുന്നത്.
പെൻസിൽവേനിയക്കാരനായ ഐസക്മാൻ പതിനാറാം വയസ്സിൽ വീടിന്റെ നിലവറയിലാണ് ഷിഫ്റ്റ്4 പേമെന്റ് കമ്പനി തുടങ്ങിയത്. 190 കോടി ഡോളറാണ് (16,088 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.